സഞ്ജുവിന്റെ സ്വന്തം സൂര്യ; ആ സെലിബ്രേഷൻ പറയും ഇരുവരുടെയും സൗഹൃദം, വീഡിയോ

ബംഗ്ലാദേശിനെതിരായ അവസാന ടി20 യിലും സഞ്ജുവിന് സൂര്യയുടെ കാര്യമായ പിന്തുണയുണ്ടായിരുന്നു

dot image

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20 മത്സരം മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ മത്സരമായിരുന്നു. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ ടി20 പരമ്പരയിൽ ലഭിച്ച രണ്ട് അവസരങ്ങളിലും പൂജ്യത്തിന് പുറത്തായ സഞ്ജു ബംഗ്ലാദേശിനെതിരായ ആദ്യ 20യില്‍ 29 റണ്‍സ് നേടി മോശല്ലാത്ത പ്രകടനം പുറത്തെടുത്തു. എന്നാൽ രണ്ടാം ടി20 യിൽ നേടാനായത് വെറും 10 റൺസ്. പരമ്പരയിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ നിതീഷ് കുമാറും അർധ സെഞ്ച്വറി നേടിയതോടെ സഞ്ജുവിനെതിരെ വിമർശനം ശക്തമായി. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പുറത്താകലിന്റെ വക്കിലുമായി താരം. ഈ മത്സരം കൂടി തിളങ്ങിയില്ലെങ്കിൽ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി20 പരമ്പരയിലുണ്ടാവില്ലെന്നും ഒരു പക്ഷെ താരത്തിന്റെ ഇന്ത്യൻ ജഴ്‌സിയിലെ അവസാന ടി20 മത്സരമാവുമെന്നും പലരും പറഞ്ഞു. ഈ സമയത്ത് താരത്തിന് പിന്തുണയുമായി കൂടെയുണ്ടായിരുന്നത് നായകൻ സൂര്യകുമാർ യാദവും ബാറ്റിങ് പരിശീലകൻ റയാൻ ടെൻ ഡോഷെയുമായിരുന്നു.

ബംഗ്ലാദേശിനെതിരായ അവസാന ടി20 യിലും സഞ്ജുവിന് സൂര്യയുടെ കാര്യമായ പിന്തുണയുണ്ടായിരുന്നു. ആ പിന്തുണയുടെ കൂടി ബലത്തിലാണ് തകർപ്പൻ സെഞ്ച്വറി ഇന്നിങ്‌സ് സഞ്ജു കളിച്ചത്. മുമ്പും സഞ്ജുവിനെ പിന്തുണച്ചിട്ടുള്ള താരമാണ് സൂര്യ. സഞ്ജുവിനോട് കാര്യമായ സൗഹൃദവും സൂര്യക്കുണ്ട്. ഹൈദരാബാദില്‍ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴും സൂര്യയുടെ മുഖത്ത് ആ ആഹ്ലാദം കാണാമായിരുന്നു. സഞ്ജുവിനെ ഓടിവന്ന് കെട്ടിപ്പിടിച്ച സൂര്യ, സഞ്ജുവിന്റെ ആഘോഷത്തില്‍ പങ്കുചേരുകയും ചെയ്തു. സഞ്ജുവിന്റേയും സൂര്യയുടെയും ഒരുമിച്ചുള്ള സെലിബ്രെഷൻ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ ഹിറ്റായിട്ടുണ്ട്.

അതേസമയം ക്ലാസും മാസും പവറും ചേര്‍ന്നതായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി ഇന്നിങ്‌സ്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ 47 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 111 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും അതിൽ ഉള്‍പ്പെടുന്നു. സഞ്ജുവിനൊപ്പം സൂര്യുകുമാര്‍ യാദവ് (35 പന്തില്‍ 75), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47), റിയാന്‍ പരാഗ് (13 പന്തില്‍ 34) എന്നിവര്‍ കൂടി തിളങ്ങിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ് 164 റൺസിലവസാനിച്ചപ്പോൾ ഇന്ത്യ 133 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്തു.

Content Highlights: sanju samson and suryakumar yadhav friendship

dot image
To advertise here,contact us
dot image