ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ട്വന്റി 20യിൽ തകർപ്പൻ സെഞ്ച്വറിയുമായി കളം വാണ മലയാളി താരം സഞ്ജു സാംസണാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇന്നലെ വരെ താരത്തെ വിമർശിച്ചവരും ഇപ്പോൾ താരത്തിന്റെ പ്രകടനത്തെ വാഴ്ത്തുന്ന തിരക്കിലാണ്.
ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ സഞ്ജു ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വലിയ സ്കോറിലേക്ക് എത്തിയിരുന്നില്ല. തുടക്കം കൊള്ളാമെങ്കിലും താരത്തിന് വലിയ ഇന്നിങ്‌സ് കളിക്കാൻ കഴിയില്ലെന്ന ആക്ഷേപമാണ് പ്രധാനമായും ഉയർന്നിരുന്നത്. ഷോട്ട് സെലക്ഷനിലും വിമർശനം ഉയർന്നിരുന്നു. എന്നാൽ എല്ലാത്തിനെയും കാറ്റിൽ പറത്തിയായിരുന്നു സഞ്ജുവിന്റെ ഇന്നലത്തെ സെഞ്ച്വറി ഇന്നിങ്‌സ്.
സഞ്ജുവിന്റെ സെഞ്ച്വറി ഇന്നിങ്‌സ് സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ പക്ഷെ എയറിലായത് ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കറാണ്. പലപ്പോഴും സ്ഥിരതായാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സഞ്ജുവിനെ വിമർശിച്ച് നിരന്തരം രംഗത്തുവരാറുള്ളയാളാണ് ഗവാസ്കർ.
ഐസിസി ട്വന്റി 20 ലോകകപ്പ് സമയത്ത് അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ സഞ്ജുവിന് വിനയാവുകയും ചെയ്തിരുന്നു. ലോകകപ്പിന് മുമ്പുള്ള ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ സഞ്ജു ചെറിയ സ്കോറിന് പുറത്തായപ്പോൾ ഗവാസ്കർ വലിയ രീതിയിൽ വിമർശിച്ചിരുന്നു.
ലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ മോശം പ്രകടനം നടത്തിയപ്പോൾ ഗവാസ്കർ പറഞ്ഞത് ഇങ്ങനെയാണ്. ‘സഞ്ജു സാംസൺ എത്ര മികച്ച താരമാണ്. സഞ്ജു സാംസണു പ്രതിഭയുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷനാണ് ചിലപ്പോഴൊക്കെ അദ്ദേഹത്തെ വീഴ്ത്തുന്നത്. മറ്റൊരു സന്ദർഭത്തില്‍ കൂടി സഞ്ജു നിരാശപ്പെടുത്തുന്നു.’
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും സഞ്ജു സാംസണ്‍ പലപ്പോഴായി വിമര്‍ശിക്കപ്പെട്ടിരുന്നു. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നായകന്‍ കൂടിയായ സഞ്ജു നിര്‍ണായക സ്വാധീനമായി. എന്നാല്‍ ആ സമയത്ത് ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഗവാസ്കർ പറഞ്ഞതിങ്ങനെയായിരുന്നു. 'സഞ്ജു ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നതാണ് കനത്ത തിരിച്ചടിയാവുന്നത്. മോശം പന്തുകള്‍ വരും, ആ അവസരത്തിന് കാത്തുനില്‍ക്കാന്‍ സഞ്ജു തയ്യാറാവണം. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ പ്രധാന പോരായ്മ.'
ആ സമയത്ത്ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിർണായക മത്സരത്തില്‍ ബാറ്റിങ് ക്രമത്തില്‍ സഞ്ജു സ്വയം താഴേക്ക് ഇറങ്ങി കളിച്ചതും ഗവാസ്കർ വിമർശിച്ചിരുന്നു. 'നാലാം നമ്പര്‍ ബാറ്ററാണെങ്കില്‍ നാലാമതോ മൂന്നാമതോ ഇറങ്ങണം. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യണം. ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് നോക്കുക. ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു.' അന്ന് ഗവാസ്കർ പറഞ്ഞത് ഇങ്ങനെ.
അങ്ങനെ സഞ്ജുവിന് പറ്റിയ അബദ്ധങ്ങളെ പല കാലങ്ങളിലായി പർവതീകരിച്ച് പറയുന്നതാണ് ഗവാസ്കറിന്റെ ശീലമെന്ന് നേരത്തെ ആക്ഷേപമുണ്ട്. ഇതെല്ലം ചൂണ്ടികാട്ടിയാണ് ഗവാസ്‌ക്കറിന് നേരെ ആരാധകരുടെ പൊങ്കാല. സഞ്ജുവിനെ നിരന്തരം വിമർശിക്കുന്ന ഗവാസ്കർ ഇനി എന്ത് ചെയ്യുമെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.
അതേസമയം ക്ലാസും മാസും പവറും ചേര്‍ന്നതായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി ഇന്നിങ്‌സ്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ 47 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 111 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും അതിൽ ഉള്‍പ്പെടുന്നു. മത്സരത്തിൽ ഒരോവറിൽ അഞ്ചുസിക്സുകളും സഞ്ജു നേടി. സഞ്ജുവിനൊപ്പം സൂര്യുകുമാര്‍ യാദവ് (35 പന്തില്‍ 75), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47), റിയാന്‍ പരാഗ് (13 പന്തില്‍ 34) എന്നിവര്‍ കൂടി തിളങ്ങിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ് 164 റൺസിലവസാനിച്ചപ്പോൾ ഇന്ത്യ 133 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights: Sunil Gavaskar on air with Sanju Samson century.