ഒരോവറിൽ അഞ്ച് സിക്‌സുകള്‍ നേടുകയെന്നത് താൻ മെന്റർക്ക് നൽകിയ വാക്കായിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിൽ പ്ലെയർ ഓഫ് ദി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മലയാളിതാരം. 'അവസാന പരമ്പരകളിൽ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. ഇതോടെ തീർത്തും നിരാശനായി. എന്നാൽ തിരിച്ചുവരാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അടുത്ത പരമ്പരയിൽ ഒരോവറിൽ അഞ്ച് സിക്‌സർ നേടണം. എന്റെ മെന്റർ ആവശ്യപ്പെട്ടത് ഇതായിരുന്നു. ഞാൻ അക്കാര്യം നടപ്പിലാക്കുക മാത്രമാണ് ചെയ്തത്', സഞ്ജു പറഞ്ഞു.
റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിലാണ് തുടരെ സഞ്ജു അഞ്ച് സിക്‌സുകള്‍ പറത്തിയത്. ഓവറിലെ അവസാന അഞ്ച് പന്തുകളിലായിരുന്നു സിക്സുകൾ. ഇതോടെ ടി 20 യിൽ അതിവേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി സഞ്ജു. 47 പന്തിൽ 11 ഫോറും 8 സിക്സുമടക്കം 111 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ രാജ്യാന്തര തലത്തിലെ ഉയർന്ന രണ്ടാമത്തെ സ്കോറും അടിച്ചിട്ടു. 297 റൺസാണ് ടീം ഇന്ത്യ നേടിയത്.
2023 സെപ്തംബർ 27ന് മംഗോളിയക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് അടിച്ചുകൂട്ടിയ നേപ്പാളിന്റെ പേരിലാണ് ഉയർന്ന ടി20 സ്‌കോർ റെക്കോർഡ്. എന്നാൽ ടെസ്റ്റ് പദവിയുള്ള ടീമുകളിൽ മികച്ച സ്‌കോറാണിത്. ഇന്ത്യയുടെ ഉയർന്ന ടി20 സ്‌കോറും ഇതുതന്നെയാണ്. 2017 ഡിസംബറിൽ ശ്രീലങ്കക്കെതിരെ ഇന്ത്യ ഉയർത്തിയ 260 റൺസിന്റെ റെക്കോർഡാണ് ഇന്നലെ മറികടന്നത്. മത്സരത്തിൽ ഇന്ത്യ 133 റൺസിന്റെ കൂറ്റൻ വിജയം നേടുകയും പരമ്പര തൂത്ത് വാരുകയും ചെയ്തു.
Content Highlights: sanju samson on his century innings