ടി20 യിൽ നിന്ന് വിരമിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ മഹ്മദുള്ള, തോളിൽ കയ്യിട്ട് യാത്രയാക്കി സൂര്യകുമാർ യാദവ്; വീഡിയോ

നേരത്തെ ഇന്ത്യയുമായുള്ള ടി20 പരമ്പരയോടെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്ന് മഹ്മദുള്ള പ്രഖ്യാപിച്ചിരുന്നു

dot image

ടി20യിൽ നിന്ന് വിരമിച്ച ബംഗ്ലാദേശ് ഓൾ റൗണ്ടർ മഹ്മദുള്ളയെ ആശംസകളോടെ യാത്രയാക്കി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 മത്സരത്തോടെയാണ് താരം വിരമിച്ചത്. നേരത്തെ ഇന്ത്യയുമായുള്ള ടി20 പരമ്പരയോടെ ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ടി20യിൽ നിന്ന് വിരമിച്ച തമീം ഇഖ്ബാൽ, മഷ്‌റഫെ മൊർതാസ, തമീം ഇഖ്ബാൽ, മുഷ്ഫിഖുർ റഹീം എന്നിവരുൾപ്പെടെ ബംഗ്ലാദേശിലെ ബിഗ് 5 ലെ അവസാനത്തെ കളിക്കാരനായിരുന്നു മഹ്മദുള്ള.

2007 ലാണ് മഹ്മദുള്ള കുട്ടിക്രിക്കറ്റിൽ അരങ്ങേറുന്നത്. 141 മത്സരങ്ങളിൽ നിന്ന് 23.50 ശരാശരിയിൽ എട്ട് അർധ സെഞ്ച്വറികളടക്കം 2444 റൺസ് നേടിയ താരം ടി20യിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ്. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 16.67 ശരാശരിയിൽ 50 റൺസാണ് താരം നേടിയത്. ഇന്നലെ രണ്ടോവറെറിഞ്ഞ താരം 26 റൺസ് വിട്ടുനൽകി സൂര്യകുമാർ യാദവിന്റെ വിക്കറ്റ് നേടിയിരുന്നു. 2021 ൽ താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അടുത്ത വർഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയോടെ മഹ്മദുള്ള ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

അതേ സമയം ബം​ഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ. തൂത്തുവാരി മൂന്നാം മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂര്യകുമാർ യാദവിന്റെ സംഘം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. മം​ഗോളിയയ്ക്കെതിരെ നേപ്പാൾ നേടിയ മൂന്നിന് 314 റൺസാണ് ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ബം​ഗ്ലാദേശിന്റെ മറുപടി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ അവസാനിച്ചു.

Content Highlights: Suryakumar Yadav pays respect to Mahmudullah

dot image
To advertise here,contact us
dot image