അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 200ലധികം റൺസ് പിന്നിട്ട ടീമുകളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യിൽ 200 കടന്നതോടെ 37-ാമത്തെ തവണയാണ് ഇന്ത്യൻ ടീം ടോട്ടൽ 200 കടക്കുന്നത്. ബംഗ്ലാദേശിനെതിരെ നേടിയ ആറിന് 297 റൺസാണ് ഉയർന്ന സ്കോർ. 23 തവണ ട്വന്റി 20 ക്രിക്കറ്റിൽ 200 റൺസ് പിന്നിട്ട ഓസ്ട്രേലിയയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരെ നേടിയ മൂന്നിന് 263 റൺസാണ് ഓസ്ട്രേലിയയുടെ ഉയർന്ന സ്കോർ.
ട്വന്റി 20 ക്രിക്കറ്റിൽ 22 തവണ 200 റൺസ് പിന്നിട്ട ടീമാണ് ദക്ഷിണാഫ്രിക്ക. വെസ്റ്റ് ഇൻഡീസിനെതിരെ 2023ൽ നേടിയ നാലിന് 259 ആണ് ഉയർന്ന സ്കോർ. 21 തവണ 200 റൺസ് കടന്ന ന്യൂസിലാൻഡ് തൊട്ടുപിന്നിലുണ്ട്. സ്കോട്ലാൻഡിനെതിരെ 2022ൽ നേടിയ അഞ്ചിന് 254 റൺസാണ് കിവീസ് നിരയുടെ ഉയർന്ന ട്വന്റി 20 സ്കോർ.
20 തവണ 200 റൺസ് കടന്ന ഇംഗ്ലണ്ട് ക്രിക്കറ്റാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരെ 2023ൽ നേടിയ മൂന്നിന് 267 റൺസാണ് ഇംഗ്ലണ്ട് ടീമിന്റെ ഉയർന്ന സ്കോർ. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം ടോട്ടൽ നേടിയത് ടെസ്റ്റ് പദവിയില്ലാത്ത നേപ്പാളാണ്. 2022ലെ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരെ മൂന്നിന് 314 റൺസാണ് ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ.
Content Highlights: Teams crossed most 200s in t20