'ഇന്ത്യന്‍ വനിതാ ടീമിലെ കെ എല്‍ രാഹുല്‍'; സ്മൃതി മന്ദാനയെ ട്രോളി സോഷ്യല്‍ മീഡിയ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ മന്ദാന 12 പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു

dot image

വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒന്‍പത് റണ്‍സ് പരാജയം വഴങ്ങിയ മത്സരത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ മന്ദാന 12 പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ആറാം ഓവറില്‍ സോഫി മൊളിനക്‌സ് മന്ദാനയെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

നിര്‍ണായക മത്സരത്തിലും മോശം പ്രകടനം ആവര്‍ത്തിച്ചതിന് പിന്നാലെ സ്മൃതി മന്ദാനയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മന്ദാന ഇന്ത്യന്‍ വനിതാ ടീമിലെ 'കെ എല്‍ രാഹുലെ'ന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്ന പരിഹാസം. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രാഹുലിന്റെ ഇന്നിങ്‌സുമായി വിമര്‍ശകര്‍ മന്ദാനയെ താരതമ്യം ചെയ്യുകയാണ്. അന്ന് 107 പന്തില്‍ ഒരു ബൗണ്ടറി സഹിതം 66 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കിയാണ് രാഹുലിന്റെ മടക്കം. അന്ന് ആറ് വിക്കറ്റുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുകയും ഓസീസ് കപ്പുയര്‍ത്തുകയും ചെയ്തു. ഫൈനലിന് ശേഷം രാഹുലും രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ലോകകപ്പ് പോലുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം മന്ദാനയുടെയും കെ എല്‍ രാഹുലിന്റെയും ഇന്നിങ്‌സുകളാണെന്നും ഇരുവരും വിജയിക്കണമെന്ന ഉദ്ദേശത്തോടെയല്ല കളിക്കുന്നതെന്നുമെല്ലാമാണ് ചിലര്‍ ആരോപിക്കുന്നത്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ സ്മൃതി മന്ദാന മികച്ച പ്രകടം പുറത്തെടുക്കുന്നത് കണ്ടിട്ടില്ലെന്നും ഇടംകൈ കൊണ്ട് ബാറ്റുചെയ്യുന്ന രാഹുലിന്‍റെ ഫീമെയ്ല്‍ വേർഷനാണെന്നും ചിലർ കുറ്റപ്പെടുത്തി.

വനിതാ ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സ്മൃതി മന്ദാനയ്ക്ക് സാധിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരെ നേടിയ അര്‍ധ സെഞ്ച്വറി മാത്രമാണ് മന്ദാനയുടെ ഭേദപ്പെട്ട പ്രകടനം. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 13 പന്തില്‍ 12 റണ്‍സ്, പാകിസ്താനെതിരെ 16 പന്തില്‍ ഏഴ് റണ്‍സ് എന്നിങ്ങനെയാണ് മന്ദാനയുടെ മറ്റു പ്രകടനങ്ങള്‍.

Content Highlights: KL Rahul of Indian women's team, Social Media roasts Smriti Mandhana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us