വിജയാഘോഷം ഗ്രൗണ്ട് സ്റ്റാഫുകൾക്കൊപ്പം; സഞ്ജുവും ഹാര്‍ദിക്കുമെടുത്ത ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ

ഒരു ബോള്‍ ബോയ്‌ക്കൊപ്പം ഹാര്‍ദിക് സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്

dot image

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ 86 റൺസിനും മൂന്നാം മത്സരത്തിൽ 133 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. മൂന്നാം മത്സരത്തില്‍ 297 റണ്‍സെന്ന ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറും നേടി. സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍, അര്‍ധ സെഞ്ച്വറി നേടിയ നായകൻ സൂര്യകുമാര്‍ യാദവ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ ഹാര്‍ദിക് പാണ്ഡ്യ, റിയാൻ പരാഗ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഹർദിക് പ്ലെയർ ഓഫ് ദി സീരീസായപ്പോൾ സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി മാച്ചായി.

ഇപ്പോഴിതാ മത്സര ശേഷം ഇരുവരും മൈതാനത്ത് ഗ്രൗണ്ട് സ്റ്റാഫുമാര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. താരങ്ങളെ അഭിനന്ദിച്ച് നിരവധിപേരാണ് ചിത്രം പങ്കുവെക്കുന്നത്. ഒരു ബോള്‍ ബോയ്‌ക്കൊപ്പം ഹാര്‍ദിക് സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

അതേ സമയം ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20 അക്ഷരാർത്ഥത്തിൽ സഞ്ജു ഷോയായിരുന്നു. ഒരു ഓവറിൽ അഞ്ച് സിക്‌സറുകൾ അടക്കം 19 തവണ പന്ത് അതിർത്തി കടത്തിയ താരം ടി20 യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയാണ് കുറിച്ചത്. ടി20 യിൽ ഇന്ത്യൻ ജഴ്‌സിയിൽ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച താരം മറ്റൊരു റെക്കോർഡും കൂടി സ്വന്തമാക്കി. ഇതാദ്യമാണ് ടി 20 യിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സെഞ്ച്വറി തികയ്ക്കുന്നത്.

മുന്‍ ഇതിഹാസ ക്യാപ്റ്റനായ എം എസ് ധോണിക്കോ നിലവിൽ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനോ പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 2022-ല്‍ ലഖ്‌നൗവില്‍ ശ്രീലങ്കയ്‌ക്കെതിരേ 89 റണ്‍സെടുത്ത ഇഷാന്‍ കിഷൻ്റെ റെക്കോർഡാണ് സഞ്ജു മറികടന്നത്. ടി20-യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സഞ്ജുവിന്റെ പേരിലാണ്. 2022-ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജു 77 റണ്‍സെടുത്തിരുന്നു.

മത്സരത്തില്‍ 47 പന്തില്‍ നിന്ന് 11 ഫോറും എട്ടു സിക്‌സുമടക്കം 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 40 പന്തിൽ സെഞ്ച്വറി തികച്ച താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 236 ആയിരുന്നു. സഞ്ജുവിനൊപ്പം സൂര്യുകുമാര്‍ യാദവ് (35 പന്തില്‍ 75), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47), റിയാന്‍ പരാഗ് (13 പന്തില്‍ 34) എന്നിവര്‍ കൂടി തിളങ്ങിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ് 164 റൺസിലവസാനിച്ചപ്പോൾ ഇന്ത്യ 133 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്തു.

Content Highlights: photos of hardik pandya, sanju samson with ground staff goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us