ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരം മലയാളി താരം സഞ്ജു സാംസണിന്റെ സംഹാര താണ്ഡവമായിരുന്നു. ഒരു ഓവറിൽ അഞ്ച് സിക്‌സറുകൾ അടക്കം 19 തവണ പന്ത് അതിർത്തി കടത്തിയ താരം ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയാണ് കുറിച്ചത്. ടി20 യിൽ ഇന്ത്യൻ ജഴ്‌സിയിൽ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച താരം മറ്റൊരു റെക്കോർഡും കൂടി സ്വന്തമാക്കി. ഇതാദ്യമാണ് ടി20യിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സെഞ്ച്വറി തികയ്ക്കുന്നത്.
ഈ നേട്ടങ്ങളെല്ലാം സഞ്ജു സാംസൺ കുറിക്കുമ്പോൾ ആരും ശ്രദ്ധിക്കാത്ത ഒരു പ്രത്യേകത അതിനുണ്ടായിരുന്നു. സഞ്ജുവിൻ്റെ രണ്ട് ടി 20 സെഞ്ച്വറികൾ പിറന്ന ഗ്രൗണ്ടായി ഹൈദരാബാദ് മാറിയെന്നതാണ് ഈ പ്രത്യേകത. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മൂന്നാം ടി20 മത്സരം നടന്നത്. നേരത്തെ ഇവിടെ കളിച്ച ഏഴ് ഐപിൽ മത്സരങ്ങളിൽ നിന്നായി 57.40 ശരാശരിയിൽ 287 റൺസാണ് സഞ്ജുവിൻ്റെ സമ്പാദ്യം. സഞ്ജുവിന്റെ ഭാഗ്യ ഗ്രൗണ്ടായ ഈ മൈതാനത്ത് വെച്ചാണ് 2019 ഐപിഎല്ലിൽ താരം സെഞ്ച്വറി നേടിയത്. സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെയുള്ള അന്നത്തെ മത്സരത്തിൽ 55 പന്തിൽ 102 റൺസാണ് അന്ന് താരം നേടിയത്. ഒരു അർദ്ധ സെഞ്ച്വറിയും സഞ്ജു ഈ ഗ്രൗണ്ടിൽ നേടിയിട്ടുണ്ട്. ഇവിടെ മത്സരത്തിൻ്റെ ആദ്യപകുതിയിൽ ബാറ്റ് ചെയ്തപ്പോഴാണ് സഞ്ജു കിടിലൻ പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. ഐപിഎല്ലിൽ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ബാറ്റ് ചെയ്ത മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 206 റൺസാണ് സഞ്ജു അടിച്ച് കൂട്ടിയത്. ഇതിൽ ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഇടംപിടിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു ആദ്യ സെഞ്ച്വറി നേടിയതും ഇവിടെയാണ്. ഇപ്പോൾ ബംഗ്ലാദേശിനെതിരെ നീലക്കുപ്പായത്തിൽ ആദ്യ ടി 20 സെഞ്ച്വറി നേടിയപ്പോഴും പതിവുകൾ തെറ്റിയില്ല.
2021 ൽ വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബിനെതിരെയും സഞ്ജു രാജസ്ഥാന് വേണ്ടി സെഞ്ച്വറി നേടി. ഇത് കൂടാതെ 2017ൽ ഡൽഹി ഡെയർഡെവിൾസിന് വേണ്ടി റൈസിങ് പുണെ സൂപ്പർ ജെയ്ന്റ്‌സിനെതിരെയും സെഞ്ച്വറി നേടിയിട്ടുണ്ട്.