കേരളം പഞ്ചാബ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 15 റൺസ് ലീഡ് വഴങ്ങിയ കേരളത്തിന്റെ മുന്നിൽ ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ 158 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ 55.1 ഓവറിൽ 142 റൺസിനാണ് പഞ്ചാബ് പുറത്തായത്. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവതെ, ബാബ അപരാജിത്,
രണ്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന എന്നിവർ ചേർന്നാണ് പഞ്ചാബിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്.
സ്പിൻ ആക്രമണത്തിൽ പഞ്ചാബ് ബാറ്റർമാരെല്ലാം പതറിയപ്പോൾ പ്രഭ്സിമ്രൻ സിങും അൻമോൽപ്രീത് സിങും മാത്രമാണ് പിടിച്ചു നിന്നത്. പ്രഭ്സിമ്രൻ 49 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 51 റൺസെടുത്തപ്പോൾ അൻമോൽപ്രീത് 122 പന്തിൽ 37 റൺസെടുത്ത് പിന്തുണ നൽകി. കേരളത്തിനായി ആദിത്യ സർവതെ 19 ഓവറിൽ 43 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. ജലജ് സക്സേന 18.1 ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.ഒന്നാം ഇന്നിങ്സിൽ ജലജ് സക്സേന, ആദിത്യ സർവതെ എന്നിവർ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ഇതോടെ മത്സരത്തിൽ കേരളത്തിന് വേണ്ടി പഞ്ചാബിന്റെ മുഴുവൻ വിക്കറ്റുകളെടുത്തതും അതിഥി താരങ്ങളായി.
നേരത്തെ പഞ്ചാബിന്റെ ആദ്യ ഇന്നിങ്സ് 194 റൺസിനാണ് അവസാനിച്ചത്. കേരളത്തിന്റെ മറുപടി ഇന്നിങ്‌സ് പക്ഷെ 179 ൽ അവസാനിച്ചു. ആറ് വിക്കറ്റുകളും പിഴുത ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെയാണ് ആതിഥേയരെ ചുരുട്ടികൂട്ടിയത് . 38 റൺസ് എടുത്ത മുഹമ്മദ് അസ്ഹറുദീനായിരുന്നു കേരളത്തിന്റെ ടോപ് സ്കോറർ.
Content Highlights: ranji trophy kerala vs punjab