ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരം മലയാളി താരം സഞ്ജു സാംസണിന്റെ സംഹാര താണ്ഡവമായിരുന്നു. ഓപ്പണറായി കളിക്കാൻ ഇറങ്ങിയ സഞ്ജു തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് കാഴ്ച വെച്ചത്. ഒരോവറിൽ അഞ്ച് സിക്‌സറുകൾ അടക്കം 19 തവണ പന്ത് അതിർത്തി കടത്തിയ താരം ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് കുറിച്ചത്. ടി20 യിൽ ഇന്ത്യൻ ജഴ്‌സിയിൽ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച താരം മറ്റൊരു റെക്കോർഡും കൂടി സ്വന്തമാക്കി. ഇതാദ്യമാണ് ടി20യിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സെഞ്ച്വറി തികയ്ക്കുന്നത്.
അതേ സമയം വെടിക്കെട്ട് ബാറ്റിങുമായി സഞ്ജു കളം നിറഞ്ഞപ്പോൾ പണി കൂടുന്നത് സെലക്ടർമാർക്കാണ്. ടി20 ടീമിലെ ചില പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജു സാംസൺ അടക്കമുള്ള ചില താരങ്ങൾ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. ടി20 ടീമിന്റെ ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ മടങ്ങിവരുമ്പോൾ അടുത്ത പരമ്പരയിൽ സഞ്ജുവിനെ എന്ത് ചെയ്യുമെന്നുള്ള ചോദ്യം സെലക്ടർമാർക്കുണ്ട്. അവസാന ടി20 യിൽ കിടിലൻ സെഞ്ച്വറി നേടി നിൽക്കുന്ന സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റുന്നത് വലിയ ആരാധക വിമർശനത്തിനും പ്രതിഷേധത്തിനും ഇടയാക്കുമെന്നുമുറപ്പാണ്. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടിൽ വെച്ച് നടക്കുന്ന അടുത്ത ടി20 പരമ്പരയിൽ നിലവിലെ ഒന്നാം വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് കൂടി മടങ്ങിയെത്താൻ സാധ്യതയുണ്ട്. പന്തിനെ കൂടാതെ അരഡസനോളം യുവതാരങ്ങളും ടീമിലിടം നേടാനുള്ള കഠിന പ്രയത്നത്തിലാണ്. അത് കൊണ്ട് തന്നെ ടീം തിരഞ്ഞെടുപ്പ് ഒരേ സമയം സെലെക്ടർമാർക്ക് തലവേദനയാകും.
Content Highlights: sanju samson innings in t20 vs bangladesh