ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജു മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സടിച്ചെടുത്താണ് വിമര്‍ശകരുടെ വായടപ്പിച്ചത്. ഓരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സടക്കം ആക്രമിച്ച് കളിച്ചാണ് സഞ്ജു ഞെട്ടിച്ചത്.
സെഞ്ച്വറിക്ക് തൊട്ടരികെ എത്തിയിട്ടും സാഹസം നിറഞ്ഞ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നു. 4, 4, 6 എന്നിങ്ങനെ ഷോട്ടുകള്‍ പറത്തിയാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറിക്കരികെ അടിച്ച സാഹസിക ഷോട്ടുകളെക്കുറിച്ച് ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ ചോദ്യവും അതിന് സഞ്ജു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്.
'മറുവശത്ത് നിന്ന് സഞ്ജുവിന്റെ ബാറ്റിങ് ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ടായിരുന്നു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സെഞ്ച്വറി പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. 96ലും 97ലും നില്‍ക്കുമ്പോഴും സ്ട്രെയ്റ്റ് ഷോട്ടുകളും തലക്ക് മുകളിലൂടെയുള്ള ഷോട്ടുകളും സഞ്ജു അടിക്കുന്നുണ്ടായിരുന്നു. സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിട്ടും ഇത്തരം സാഹസികമായ ഷോട്ടുകള്‍ കളിച്ചപ്പോള്‍ എന്തായിരുന്നു മനസില്‍?', സൂര്യ ചോദിച്ചത് ഇങ്ങനെ.
'ആക്രമിച്ച് കളിക്കുക എന്നായിരുന്നു ടീം മാനേജ്‌മെന്റ് നല്‍കിയ സന്ദേശം. ക്യാപ്റ്റനും കോച്ചും ഓര്‍മപ്പെടുത്തിയിരുന്നതും അതു തന്നെയായിരുന്നു. എന്റെ ശൈലിക്കും സ്വഭാവത്തിനും ചേര്‍ന്നതും ആക്രമിച്ചുകളിക്കുക തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ സ്‌കോറിങ്ങിന്റെ വേഗത കുറയ്ക്കാതെ മുന്നോട്ടുപോയത്', സഞ്ജുവിന്റെ ഉത്തരം ഇതായിരുന്നു.
'ഞാന്‍ 96 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യയോട് അടിച്ചുകളിച്ചോട്ടെയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ അനായാസം കളിച്ച് സെഞ്ച്വറിയിലെത്തൂ എന്നാണ് സൂര്യ പറഞ്ഞത്. കാരണം ഈ സെഞ്ച്വറി ഞാന്‍ അര്‍ഹിച്ചിരുന്നുവെന്നാണ് സൂര്യ ക്രീസില്‍ വെച്ച് എന്നോട് പറഞ്ഞത്. ക്യാപ്റ്റനില്‍ നിന്നും കോച്ചില്‍ നിന്നും ലഭിച്ച ഈ പിന്തുണ എന്നെ ഏറെ സന്തോഷിപ്പിച്ചു', സഞ്ജു കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരത്തില്‍ 29 റണ്‍സും രണ്ടാം മത്സരത്തില്‍ 10 റണ്‍സും നേടിയ സഞ്ജു സാംസണിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരിക്കുകയാണ്.
Content Highlights: Suryakumar Yadav Asks Sanju Samson Why Take Risk Batting In 90s, Gets Brilliant Reply