'ഡിഫന്‍ഡ് ചെയ്യേണ്ടത് 300 റണ്‍സല്ല'; ക്യാപ്റ്റന്‍ സൂര്യ നല്‍കിയ നിര്‍ണായക ഉപദേശത്തെ കുറിച്ച് രവി ബിഷ്‌ണോയി

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെയും സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് 297 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലേക്ക് എത്തിയത്

dot image

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ നിര്‍ണായക ഉപദേശത്തെ കുറിച്ച് തുറന്നുപറഞ്ഞ് സ്പിന്നര്‍ രവി ബിഷ്‌ണോയി. ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ 133 റണ്‍സിന് ഇന്ത്യ ഹൈദരാബാദിനെ തകർത്തെറിഞ്ഞിരുന്നു. 298 റണ്‍സെന്ന ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് നേടാനായത്.

ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ്ങിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്യാപ്റ്റന്‍ സൂര്യകുമാര്‍ നല്‍കിയ ഉപദേശത്തെ കുറിച്ചാണ് രവി ബിഷ്‌ണോയി പറഞ്ഞത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് 297 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലേക്ക് എത്തിയത്. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്. എന്നാല്‍ നമ്മള്‍ പ്രതിരോധിക്കേണ്ടത് 300 റണ്‍സല്ല 170 റണ്‍സെന്ന് കരുതിവേണം പന്തെറിയേണ്ടതെന്നാണ് സൂര്യ ആവശ്യപ്പെട്ടതെന്നാണ് ബിഷ്‌ണോയി പറയുന്നത്.

'ഞങ്ങള്‍ പന്തെറിയാനായി മൈതാനത്തേക്ക് എത്തിയ സമയത്ത് സൂര്യകുമാര്‍ യാദവ് ഞങ്ങളുടെ അടുത്ത് വന്നു. നമ്മള്‍ പ്രതിരോധിക്കുന്നത് 300 റണ്‍സാണെന്ന് കരുതരുത്, മറിച്ച് 160 മുതല്‍ 170 റണ്‍സാണ് നമ്മള്‍ പ്രതിരോധിക്കുന്നതെന്ന് കരുതി വേണം പന്തെറിയാന്‍. അങ്ങനെ കരുതി ബൗള്‍ ചെയ്യുന്നത് പിന്നീടുള്ള മത്സരങ്ങളിലും നമുക്ക് സഹായകരമായി മാറും എന്നും അദ്ദേഹം പറഞ്ഞു. എല്ലാതരത്തിലും ബാറ്റിങ്ങിന് അനുകൂലമായ ഒരു പിച്ചായിരുന്നു ഹൈദരാബാദിലേത്. എന്നാല്‍ വിജയിക്കണമെന്ന മനോഭാവത്തോടെ ഞങ്ങള്‍ പന്തെറിഞ്ഞു', മത്സരശേഷം ബിഷ്‌ണോയി പറഞ്ഞു.

ഇന്ത്യയും മറ്റുടീമുകളും തമ്മിലുള്ള വ്യത്യാസത്തെകുറിച്ചും ബിഷ്‌ണോയി പ്രതികരിച്ചു. 'ഇത് പുതിയ തലമുറയാണ്. അതു തന്നെയാണ് ഏറ്റവും വലിയ വ്യത്യാസം. 298 റണ്‍സായിരുന്നു ബംഗ്ലാദേശിന് മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം. എന്നാല്‍ ഞങ്ങള്‍ അവരെ ആക്രമിച്ച് 160 റണ്‍സില്‍ ഒതുക്കിയത് നോക്കൂ. നമ്മള്‍ മുകളില്‍ നില്‍ക്കുന്ന സമയത്ത് കൂടുതല്‍ മുകളിലേക്ക് ഉയരാന്‍ ശ്രമിക്കുക എന്ന മനോഭാവമാണ് ഇപ്പോഴത്തെ ടീമിനുള്ളത്', ബിഷ്‌ണോയി വ്യക്തമാക്കി.

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ പന്തുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ രവി ബിഷ്‌ണോയിക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ നാല് ഓവര്‍ എറിഞ്ഞ ബിഷ്‌ണോയി വെറും 30 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14), ലിറ്റണ്‍ ദാസ് (42), റിഷാദ് ഹുസൈന്‍ (0) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ബിഷ്‌ണോയി വീഴ്ത്തിയത്.

Content Highlights: Suryakumar Yadav told us India were defending 170, not 300 says Ravi Bishnoi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us