'ഓസ്‌ട്രേലിയ ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ചല്ല കളിക്കുന്നത്'; പരാജയത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍

വനിതാ ടി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഒന്‍പത് റണ്‍സിനാണ് ഇന്ത്യ പൊരുതി തോറ്റത്

dot image

വനിതാ ടി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പരാജയം വഴങ്ങിയതില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടീമായി പൊരുതിയാണ് ഓസ്‌ട്രേലിയ വിജയത്തിലെത്തിയതെന്നാണ് ഹര്‍മന്‍പ്രീത് പറയുന്നത്. ഓസ്‌ട്രേലിയ അനുഭവസമ്പത്തുള്ള ടീമാണെന്നും അവര്‍ മത്സരങ്ങളെ എങ്ങനെയാണ് സമീപിക്കുകയും വിജയിക്കുകയും ചെയ്യുന്നതെന്ന് ഇന്ത്യ കണ്ടുപഠിക്കണമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

'ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ചല്ല ഓസ്‌ട്രേലിയ കളിക്കുന്നത്. അവരുടെ മുഴുവന്‍ ടീമും സംഭാവന ചെയ്യുന്നു. ഓസ്‌ട്രേലിയയ്ക്ക് ധാരാളം ഓള്‍റൗണ്ടര്‍മാരുണ്ട്. ഞങ്ങളും നന്നായി പ്ലാന്‍ ചെയ്തിരുന്നു. ഓസ്‌ട്രേലിയയും ഞങ്ങളും തമ്മിലുള്ള വ്യത്യാസം ഫീല്‍ഡിങ്ങിലാണ്. അവര്‍ റണ്‍സ് അനായാസം വഴങ്ങിയില്ല. ഓസ്‌ട്രേലിയ വളരെ അനുഭവ സമ്പത്തുള്ള ടീമാണ്. അത്തരത്തിലുള്ള മത്സരങ്ങള്‍ എങ്ങനെ വിജയിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ഞങ്ങള്‍ക്ക് അത് പഠിക്കേണ്ടതുണ്ട്', മത്സരശേഷം ഹര്‍മന്‍പ്രീത് പറഞ്ഞു.

ഇന്ത്യയുടെ സെമി പ്രവേശനത്തിനുള്ള സാധ്യതയിലും ഹര്‍മന്‍ പ്രതികരിച്ചു.' ബുദ്ധിമുട്ടുള്ള ടൂര്‍ണമെന്റാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങളുടെ കൈയിലുള്ളതെല്ലാം നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അക്കാര്യം ഞങ്ങളുടെ നിയന്ത്രണത്തില്‍ അല്ല ഉള്ളത്', ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയോട് ഒന്‍പത് റണ്‍സിനാണ് ഇന്ത്യ പൊരുതി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സിലെത്താനെ സാധിച്ചുള്ളു. തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ മങ്ങി.

Content Highlights: Women's T20 World Cup: India Captain Harmanpreet Kaur Reacts To Defeat Against Australia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us