'മൂന്ന്, നാല് വർഷമായി ഇന്ത്യൻ ടീമിന് മുന്നേറ്റം ഇല്ല'; വനിത ടീമിനെ വിമർശിച്ച് മിതാലി രാജ്

'ഒരു ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമിനെ പരാജയപ്പെടുത്താനാണ് തയ്യാറെടുക്കേണ്ടത്'

dot image

വനിത ട്വന്റി 20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ക്യാപ്റ്റൻ മിതാലി രാജ്. 'ഈ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരം വിജയിക്കാൻ കഴിയുമായിരുന്നു. പക്ഷേ വർഷങ്ങളായി ഓസ്ട്രേലിയയ്ക്ക് മുമ്പിൽ ഇന്ത്യ ചെറിയ മാർജിനിൽ പരാജയപ്പെടുന്നു. അതായത് ഇന്ത്യൻ ടീമിന് യാതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല'- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മിതാലി രാജ് പ്രതികരിച്ചു.

ഒരു ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമിനെ പരാജയപ്പെടുത്താനാണ് തയ്യാറെടുക്കേണ്ടത്. എന്നാൽ ചെറിയ ടീമിനെ പരാജയപ്പെടുത്തുന്നതിൽ ഇന്ത്യ സന്തോഷിക്കുന്നു. ദക്ഷിണാഫ്രിക്കയെപോലുള്ള ടീം പരിമിത സാഹചര്യങ്ങളിൽ നിന്ന് വലിയ മുന്നേറ്റങ്ങൾ നടത്തുന്നു. എന്നാൽ അതിലേറെ മികച്ച സാഹചര്യങ്ങളുള്ള ഇന്ത്യൻ ടീമിന് ആ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിക്കുന്നില്ലെന്നും മിതാലി രാജ് വ്യക്തമാക്കി.

വനിത ട്വന്റി 20 ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. പിന്നാലെ പാകിസ്താനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി റൺറേറ്റ് ഉയർത്തി. എന്നാൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോട് ഒമ്പത് റൺസിന് ഇന്ത്യൻ പെൺപട പരാജയപ്പെട്ടു.

Content Highlights: Mithali Raj's Bombshell On Harmanpreet Kaur-Led India's Women's T20 World Cup 2024 Exit

dot image
To advertise here,contact us
dot image