'ഇതുവരെയുള്ള പ്രകടനത്തിൽ‌ ജയ്സ്വാൾ സന്തോഷവാനല്ല'; യുവതാരത്തെ പ്രശംസിച്ച് രോഹിത് ശർമ

വരും വർഷങ്ങളിൽ ജയ്സ്വാൾ മികവ് തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രോഹിത് ശർമ പ്രതികരിച്ചു.

dot image

ഇന്ത്യൻ ക്രിക്കറ്റ് യുവതാരം യശസ്വി ജയ്സ്വാളിനെ പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലൻഡിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പായാണ് രോഹിത് ശർമയുടെ പ്രതികരണം. 'ജയ്സ്വാളിന് തന്റെ ബാറ്റിങ് മികവ് വർദ്ധിപ്പിക്കാൻ ആ​ഗ്രഹമുണ്ട്. കരിയറിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതിൽ സംതൃപ്തനാകാതെ വലിയ നേട്ടങ്ങളാണ് അയാൾ ആ​ഗ്രഹിക്കുന്നത്. ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത് ഒരു മികച്ച താരത്തെയാണ്. വരും വർഷങ്ങളിൽ ജയ്സ്വാൾ തന്റെ മികവ് തുടരുമെന്നാണ് എന്റെ പ്രതീക്ഷ.' രോഹിത് ശർമ പ്രതികരിച്ചു.

'ജയ്സ്വാളിന്റെ മികവിൽ എനിക്ക് അതിശയമില്ല. വ്യത്യസ്തമായ ബാറ്റിങ് സാഹചര്യങ്ങളിൽ ജയ്സ്വാൾ മികച്ച പ്രകടനം പുറത്തെടുത്തുകഴിഞ്ഞു. എങ്കിലും കുറച്ച് മത്സരങ്ങൾകൊണ്ട് ഒരാളെ നിർണയിക്കാൻ കഴിയില്ല. എങ്കിലും ക്രിക്കറ്റിൽ ഉയർന്ന തലങ്ങളിലേക്ക് എത്താൻ ജയ്സ്വാളിന് കഴിയും. ക്രിക്കറ്റിനെ മനസിലാക്കാൻ ആ​ഗ്രഹിക്കുന്ന താരമാണ് ജയ്സ്വാൾ. ഒരു യുവതാരം ഇന്ത്യൻ ടീമിലേക്ക് കടന്നുവരുമ്പോൾ മുതിർന്ന താരങ്ങള്‍ അയാളുടെ ക്രിക്കറ്റിനോടുള്ള സമീപനത്തെ കർശനമായി നിരീക്ഷിക്കും.' രോഹിത് ശർമ വ്യക്തമാക്കി.

2023ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് യശസ്വി ജയ്സ്വാൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത്. 11 മത്സരങ്ങളിൽ നിന്നായി താരം 1,217 റൺസ് നേടി. കരിയറിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ ഇതിനോടകം നേടാൻ ജയ്സ്വാളിന് കഴിഞ്ഞു. ട്വന്റി 20യിൽ 23 മത്സരങ്ങൾ കളിച്ച ജയ്സ്വാളിന് ഇന്ത്യൻ ടീമിനൊപ്പം ഏകദിന ക്രിക്കറ്റ് കളിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അധികം വൈകാതെ ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ജയ്സ്വാൾ ഇന്ത്യൻ താരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: Rohit Sharma praises Yashasvi Jaiswal on his cricket admiration

dot image
To advertise here,contact us
dot image