ഓസീസ് പര്യടനത്തിൽ രോഹിതിന് പകരം ഗില്ലിനെ ഓപണറായി ഇറക്കരുത്, പകരം വേണ്ടത് മറ്റൊരാൾ; നിരീക്ഷണവുമായി കുംബ്ലെ

യുവതാരം ശുഭ്മാന്‍ ഗില്ലാണ് രോഹിതിന് പകരക്കാരനായി ഓപ്പണിങ്ങില്‍ കളിക്കുകയെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

dot image

ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയയുമായാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കടക്കാൻ മൂന്ന് വിജയങ്ങൾ കൂടി അനിവാര്യമായി നിൽക്കെ ഈ പരമ്പര ഇന്ത്യയ്ക്ക് വളരെ നിർണ്ണായകമാണ്. പ്രത്യേകിച്ചും ഇപ്പോൾ നടക്കുന്ന ന്യൂസിലൻഡുമായുള്ള ടെസ്റ്റ് പരമ്പര മഴ ഭീഷണിയിൽ മുങ്ങി നിൽക്കുമ്പോൾ. അത് കൊണ്ട് തന്നെ നവംബര്‍ 22-ന് പെര്‍ത്തില്‍ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.

എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരമ്പരയിലെ ആദ്യത്തെ മത്സരത്തിനുണ്ടാകില്ലെന്ന് നേരത്തെ തന്നെ ബിസിസിഐ അറിയിച്ചിട്ടുണ്ട്. ചില വ്യക്തിപരമായ കാര്യങ്ങളുള്ളതിനാല്‍ രണ്ടാം മത്സരം മുതലേ ടീമിനൊപ്പം ചേരൂ എന്നാണ് രോഹിത് അറിയിച്ചത്. ഇതോടെ രോഹിതിന് പകരം ആദ്യ മത്സരത്തിൽ ആരെ ഓപ്പണറാക്കും എന്ന ആശയക്കുഴപ്പത്തിലാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍.

യുവതാരം ശുഭ്മാന്‍ ഗില്ലാണ് രോഹിതിന് പകരക്കാരനായി ഓപ്പണിങ്ങില്‍ കളിക്കുകയെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ.

ഗില്ലിനെ മൂന്നാം സ്ഥാനത്തുതന്നെ നിലനിര്‍ത്തണമെന്നും ഒരിക്കലും ഓപ്പണിങ്ങില്‍ കളിപ്പിക്കരുതെന്നുമാണ് കുംബ്ലെയുടെ അഭിപ്രായം. പകരം കെ എല്‍ രാഹുലിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കണമെന്നും കുംബ്ലെ ആവശ്യപ്പെടുന്നു. ബെംഗളൂരുവില്‍ നടക്കുന്ന ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടയില്‍ ജിയോ സിനിമയോട് സംസാരിക്കുകയായിരുന്നു കുംബ്ലെ.

'ശുഭ്മാന്‍ ഗില്‍ കഴിവുള്ള താരമാണെന്ന് നമുക്ക് അറിയാവുന്നതാണ്. പലപ്പോഴായി ഗില്‍ അത് തെളിയിച്ചതുമാണ്. മുമ്പും ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ബ്രിസ്‌ബെയ്‌നില്‍ അര്‍ധ സെഞ്ചുറി നേടുകയും ചെയ്തിട്ടുണ്ട്. അതൊരിക്കലും മാറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ആദ്യ ടെസ്റ്റില്‍ രോഹിത് ഇല്ലാത്തതിനാല്‍ ഗില്ലിനെ ഓപ്പണറാക്കാന്‍ നമുക്ക് തോന്നും. പക്ഷേ കെ എല്‍ രാഹുല്‍ ടീമിനൊപ്പമുള്ളത് നമ്മള്‍ മറക്കാന്‍ പാടില്ല. ടീമും സാഹചര്യങ്ങളും എന്താണ് ആവശ്യപ്പെടുന്നത് അത് കൃത്യമായി നടപ്പിലാക്കാന്‍ കഴിവുള്ള താരമാണ് രാഹുല്‍. ഓപ്പണറായി കളിക്കാനും വിക്കറ്റ് പോകാതെ സൂക്ഷിച്ച് കളിക്കാനും രാഹുലിന് കഴിയും. നേരത്തെ ദ്രാവിഡും അത് ചെയ്തിട്ടുണ്ട്.' കുംബ്ലെ കൂട്ടിച്ചേർത്തു.

Content Highlights: Anil kumble on rohit sharma, Shubman gill

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us