ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹര്‍മന്‍പ്രീത് കൗറിനെ ബിസിസിഐ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 വനിതാ ടി20 ലോകകപ്പില്‍ ടീം ഇന്ത്യ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് നടപടി. ഹര്‍മനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെ കുറിച്ച് ബിസിസിഐ ഇതിനോടകം തന്നെ ചിന്തിച്ചുതുടങ്ങിയെന്നാണ് സൂചന.
ടി20 ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച വെക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിരുന്നില്ല. ഹര്‍മന്‍പ്രീത് നയിച്ച ടീം ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. നാല് ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ഇന്ത്യയ്ക്ക് പരാജയം വഴങ്ങേണ്ടിവന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്‍പത് റണ്‍സിന് അടിയറവ് പറഞ്ഞതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഭാവി ആശങ്കയിലായിരുന്നു. ന്യൂസിലാന്‍ഡിനെതിരെ പാകിസ്താന്‍ പരാജയം വഴങ്ങിയതോടെ ഇന്ത്യ സെമി കാണാതെ പുറത്തായി.
ഇതിനുപിന്നാലെ ഇന്ത്യന്‍ വനിതാ ടീമിനും ഹര്‍മന്‍പ്രീത് കൗറിനുമെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതെ പോയത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയും അപകടത്തിലാക്കി. ടീമിന്റെ ഹെഡ് കോച്ച് അമോല്‍ മുജുംദാറും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
The BCCI to meet the selection committee and Head Coach to discuss Harmanpreet Kaur's future as India's captain. (Express Sports). pic.twitter.com/Xp4CHSZKLL
— Mufaddal Vohra (@mufaddal_vohra) October 15, 2024
'വനിതാ ടീമിന് പുതിയ ക്യാപ്റ്റന്റെ ആവശ്യം ഉണ്ടോ ഇല്ലയോ എന്ന് ബിസിസിഐ ചര്‍ച്ച ചെയ്യും. ടീമിന്റെ ആവശ്യങ്ങളെല്ലാം ബോര്‍ഡ് സാധിച്ചു കൊടുത്തിട്ടുണ്ട്. ടീമിനെ മുന്നോട്ട് നയിക്കാന്‍ ഒരു പുതുമുഖം അത്യാവശ്യമായി എത്തേണ്ട സമയമാണിതെന്ന് തോന്നുന്നു. ഹര്‍മന്‍പ്രീത് ടീമിലെ പ്രധാനപ്പെട്ട അംഗമായി തന്നെ തുടരും. ക്യാപ്റ്റന്‍സിയില്‍ ഒരു മാറ്റത്തിനുള്ള സമയമാണെന്നാണ് തോന്നുന്നത്', ബിസിസിഐയുടെ അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വനിതകളുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: BCCI To Sack Captain Harmanpreet Kaur After India Fail To Qualify For Semifinals Of Women's T20 World Cup, Report