മുൾത്താനിലെ ഇംഗ്ലണ്ട്- പാക്സിതാൻ രണ്ടാം ടെസ്റ്റിൽ ആതിഥേയർക്ക് മേൽക്കൈ. രണ്ടാം ദിവസം മത്സരമവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 239 റൺസ് എന്ന നിലയിലാണ്. അതേ സമയം 366 റൺസായിരുന്നു പാക്കിസ്താൻ ആദ്യ ഇന്നിങ്സിൽ നേടിയിരുന്നത്. നിലവിൽ പാകിസ്താന്റെ സ്കോറിനോട് 127 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്.
ഓഫ് സ്പിന്നർ സാജിദ് ഖാനാണ് ഇംഗ്ലീഷ് ബാറ്റർമാരെ കറക്കി വീഴ്ത്തിയത്. നാല് വിക്കറ്റുമായി പാക് താരം കളം നിറഞ്ഞപ്പോൾ 211 ന് രണ്ട് എന്ന മികച്ച തുടക്കത്തിൽ നിന്നും ഇംഗ്ലണ്ട് തകർച്ചയിലേക്ക് കൂപ്പുകുത്തി. ജോ റൂട്ടിനെയും ബെൻ ഡക്കറ്റിനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ താരം ഹാരി ബ്രുക്കിനെയും തിരിച്ചയച്ചു . 114 റൺസ് നേടിയ ബെൻ ഡക്കറ്റാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ.
നേരത്തെ മികച്ച തുടക്കം ലഭിച്ചിരുന്ന പാക് ബാറ്റിങും അവസാനം കൂപ്പുകുത്തുകയായിരുന്നു. 243 ന് നാല് എന്ന നിലയിൽ നിന്നും 366 റൺസിന് എല്ലാവരും ഓൾ ഔട്ടായി. 118 റൺസ് നേടിയ കമ്രാൻ ഗുലാമായിരുന്നു സ്കോർ ചലിപ്പിച്ചത്. മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്ന് പുറത്തായ മുൻ നായകൻ ബാബർ അസമിന് പകരക്കാരനായി വന്നാണ് താരത്തിന്റെ സെഞ്ച്വറി പ്രകടനം. കമ്രാന് പുറമെ 77 റൺസെടുത്ത സൈം അയൂബും, 41 റൺസ് നേടിയ മുഹമ്മദ് റിസ്വാനും ഭേദപ്പെട്ട സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് നാലും ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റും നേടിയപ്പോൾ മാത്യു പോട്സ് രണ്ട് വിക്കറ്റും നേടി.
Content Highlights: england vs pakistan test updates