ഐപിഎൽ പതിനെട്ടാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ബൗളിങ് കോച്ചാകാൻ പരാസ് മാംബ്രെ. മുൻ ഇന്ത്യൻ ബൗളിങ് കോച്ച് കൂടിയായ മാംബ്രെ അടുത്ത സീസൺ മുതൽ ടീമിനൊപ്പം തുടരുമെന്ന് മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെന്റ് അറിയിച്ചു. നിലവിലെ ബൗളിങ് കോച്ച് ലസിത് മലിംഗയ്‌ക്കൊപ്പമായിരിക്കും മാംബ്രെ പ്രവർത്തിക്കുക. കഴിഞ്ഞ ദിവസം മാർക്ക് ബൗച്ചറിന് പകരം മഹേല ജയവർദ്ധനെ മുഖ്യ പരിശീലകനായി തിരിച്ചെത്തുമെന്ന് മുംബൈ സ്ഥിരീകരിച്ചിരുന്നു.
നേരത്തെ ഐപിഎല്ലിലും ചാമ്പ്യൻസ് ലീഗിലും മാംബ്രെ മുംബൈയുടെ ബൗളിങ് നിരയെ പരിശീലിപ്പിച്ചിരുന്നു. 2013ൽ ഐപിഎൽ കിരീടവും 2011,2013 വർഷങ്ങളിൽ ചാമ്പ്യൻസ് ട്രോഫിയും നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു. ഈ വർഷമാദ്യം ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ബൗളിങ് നിരയെ പരിശീലിപ്പിച്ചിരുന്നതും മാംബ്രെയാണ്. രഞ്ജി ട്രോഫിയിൽ ബംഗാളിന്റെ പരീശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 1996 നും 1998 നും ഇടയിൽ ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മാംബ്രെ കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ പ്രതിനിധീകരിച്ച അദ്ദേഹം 91 ഫസ്റ്റ് ക്ലാസ് ഗെയിമുകളിൽ നിന്ന് 284 വിക്കറ്റുകളും 83 ലിസ്റ്റ് എ ഗെയിമുകളിൽ നിന്ന് 111 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
Content Highlights: IPL 2025: Paras Mhambrey appointed Mumbai Indians bowling coach