ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഒരു ഇന്നിംഗ്‌സിനും 47 റൺസിനുമാണ് പാകിസ്താൻ പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്സിൽ 500 റൺസിന് മുകളിൽ നേടിയിട്ടും വഴങ്ങിയ ഇന്നിങ്സ് തോൽവി ടീമിൽ വലിയ മാറ്റങ്ങൾക്കാണ് വഴി തുറന്നത്. ഇതിൽ പല മാറ്റങ്ങളും ടീമിന് ഗുണം ചെയ്തിട്ടുണ്ടെന്നുള്ള സൂചനയാണ് രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നിന്നുള്ള പ്രതികരണം പറയുന്നത്. മുൻ ക്യാപ്റ്റൻ ബാബർ അസമിന് പകരക്കാരനായി ഇറങ്ങിയ കമ്രാൻ ഗുലാം സെഞ്ച്വറി നേടിയതാണ് ഇതിലൊന്ന്. ഇതിന് പുറമെ ബൗളിങിലും പകരക്കാരായി എത്തിയവർ മികച്ച പ്രകടനം നടത്തി.
പാക്സിതാന്റെ ബൗളിങ് നിരയിൽ എടുത്ത് പറയേണ്ട പ്രകടനമാണ് സാജിദ് ഖാൻ നടത്തിയത്. ആദ്യ ടെസ്റ്റിൽ ഇടം കിട്ടാതെ പോയ സാജിദ് ഖാന്റെ സ്പിൻ കുരുക്കിലാണ് കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനായി വലിയ സ്‌കോറുകൾ ചേർത്ത താരങ്ങളെല്ലാം ഇത്തവണ പുറത്തായത്. ബാറ്റർമാരെ പ്രകോപിക്കുന്ന തരത്തിലായിരുന്നു സാജിദ് ഖാന്റെ മൈതാനത്തെ വിക്കറ്റ് നേടിയുള്ള സെലിബ്രേഷൻ.
ഒലി പോപ്പിന്റെ വിക്കറ്റായിരുന്നു അതിൽ പ്രധാനം. ഓഫ് സ്പിന്നിനെ പ്രതിരോധിക്കാൻ ശ്രമിച്ച ഒലി പോപ്പിന്റെ ബാറ്റിനെയും മറികടന്ന പന്ത് പെട്ടെന്ന് തിരിഞ്ഞ് ദിശ മാറി സ്റ്റമ്പിളക്കുകയായിരുന്നു. വിക്കറ്റ് നേടിയ ശേഷമുള്ള താരത്തിന്റെ ആഹ്ലാദ പ്രകടനവും സോഷ്യൽ മീഡിയയിൽ വൈറലായി. രോഷാകുലനായി ബാറ്ററെ പ്രകോപിച്ചുള്ള നോട്ടമാണ് സാജിദ് ഖാൻ നടത്തിയത്. എന്നാൽ ഇതിനോട് കാര്യമായൊന്നും പ്രതികരിക്കാതെ ഒലി പോപ്പ് ക്രീസ് വിട്ടു.
Vicious turn in to castle Ollie Pope 🎯
— Pakistan Cricket (@TheRealPCB) October 16, 2024
Sajid Khan gets the reward 💫#PAKvENG | #TestAtHome pic.twitter.com/FsWomnSv5x
അതേ സമയം താരത്തിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ മുൾത്താനിലെ രണ്ടാം ടെസ്റ്റിൽ ആതിഥേയർ മേൽക്കൈ നേടിയെടുത്തു. രണ്ടാം ദിവസം മത്സരമവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 239 റൺസ് എന്ന നിലയിലാണ്. അതേ സമയം 366 റൺസായിരുന്നു പാക്കിസ്താൻ ആദ്യ ഇന്നിങ്സിൽ നേടിയിരുന്നത്. നിലവിൽ പാകിസ്താന്റെ സ്കോറിനോട് 127 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്.
Content Highlights: ajid Khan's Angry Celebration during pak-eng test