ഏറ്റവും കുറഞ്ഞ ടീം ടോട്ടലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റെക്കോർഡും മറികടന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം. ഐപിഎൽ 2014 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 49 റൺസിനായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തായിരുന്നത്. കൊൽക്കത്ത ഈഡൻഗാർഡനിലായിരുന്നു മത്സരം നടന്നത്. വെറും 9.4 ഓവറിൽ ടീം റൺ ഔട്ടായപ്പോൾ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളുള്ള ടോപ്പ് 25 പട്ടികയിൽ ഇടംപിടിച്ച ടീമാണ് ആർസിബി.
ഇന്ന് ന്യൂസിലാൻഡിനെതിരെ ടെസ്റ്റിൽ 46 ന് പുറത്തായപ്പോഴും കോഹ്‌ലി പൂജ്യത്തിന് പുറത്തായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് ഇന്നിംഗ്സ് സ്കോറായ, ഓസ്‌ട്രേലിയക്കെതിരായ 36 റൺസ് മത്സരത്തിലും കോഹ്‌ലിയുണ്ടായിരുന്നു. അന്ന് നായകനായ കോഹ്‌ലി വെറും നാല് റൺസായിരുന്നു അന്ന് സ്കോർ ചെയ്തിരുന്നത്.
അതേ സമയം ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ ദയനീയമായി തകര്‍ന്നടിയുകയായിരുന്നു. ന്യൂസിലാന്‍ഡിന്റെ പേസ് കൊടുങ്കാറ്റിന് മുന്നില്‍ ആടിയുലഞ്ഞ രോഹിത് ശര്‍മയും സംഘവും 46 റണ്‍സിന് ഓള്‍ഔട്ടായി. ബെംഗളൂരുവിലെ കുഞ്ഞന്‍ സ്‌കോറിന് പുറത്തായതോടെ നാണക്കേടിന്റെ റെക്കോര്‍ഡുകളാണ് ഇന്ത്യയെ തേടിയെത്തിയത്.
സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറെന്ന മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്ക് സ്വന്തമാക്കേണ്ടിവന്നത്. മാത്രമല്ല ഇന്ത്യന്‍ പിച്ചില്‍ ഏതൊരു ടീമിന്റെയും കുഞ്ഞന്‍ സ്‌കോറും ഇന്ത്യയുടെ 46 റണ്‍സാണ്. 2021ല്‍ ന്യൂസിലാന്‍ഡ് മുംബൈയില്‍ നേടിയ 62 റണ്‍സ് ഇതോടെ രണ്ടാം സ്ഥാനത്തായി.
ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറുമാണിത്. 2020ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സിന് പുറത്തായതിനും 1974ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിന് പുറത്തായതിനും ശേഷമാണ് ബെംഗളൂരുവില്‍ 46 റണ്‍സെന്ന കുഞ്ഞന്‍ സ്‌കോറില്‍ ഇന്ത്യ പുറത്തായത്.
മഴ മുടക്കിയ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിന് ശേഷം രണ്ടാം ദിനമാണ് ടോസ് വീണത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കേവലം 46 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യന്‍ നിരയില്‍ റിഷഭ് പന്ത് (20), യശസ്വി ജയ്സ്വാള്‍ (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അതേസമയം അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വില്‍ ഒറൂര്‍ക്ക് നാല് വിക്കറ്റും വീഴ്ത്തി.
Content Highlights: lowest total of royal challengers bengaluru and indian cricket team