രോഹിത് ഉള്‍പ്പെടെ നാല് താരങ്ങളെ നിലനിര്‍ത്താനൊരുങ്ങി മുംബൈ; ഹാര്‍ദിക് ക്യാപ്റ്റനായി തുടരും

രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും അടുത്ത സീസണില്‍ മുംബൈ വിട്ടേക്കുമെന്ന് നേരത്തെ നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു

dot image

ഐപിഎല്‍ 2025 സീസണിലെ മെഗാ താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ നിലനിര്‍ത്താനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്. രോഹിത്തിനൊപ്പം കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവിനെയും ജസ്പ്രീത് ബുംറയെയും മുംബൈ നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി തന്നെ തുടരും.

രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും അടുത്ത സീസണില്‍ മുംബൈ വിട്ടേക്കുമെന്ന് നേരത്തെ നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് താരങ്ങള്‍ മുംബൈ വിടുമെന്നുള്ള ഊഹാപോഹങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വീണ്ടും കളിക്കാന്‍ രോഹിത്തും സൂര്യയും സമ്മതം മൂളിയെന്നാണ് സൂചന.

മെഗാതാരലേലം നവംബറില്‍ നടക്കാനിരിക്കെ എല്ലാ ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടിക ഒക്ടോബര്‍ 31നകം ബിസിസിഐയ്ക്ക് സമര്‍പ്പിക്കണം. ലേലത്തിന് മുന്‍പായി ആറ് താരങ്ങളെ നിലനിര്‍ത്താന്‍ ബിസിസിഐ ടീമുകളെ അനുവദിച്ചിട്ടുണ്ട്. അഞ്ച് ക്യാപ്ഡ് താരങ്ങളെയും ഒരു അണ്‍ക്യാപ്ഡ് താരത്തെയുമാണ് ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുക.

പുതിയ നിയമപ്രകാരം നിലനിര്‍ത്തുന്ന ആദ്യത്തെ കളിക്കാരന് 18 കോടി രൂപ, രണ്ടാമത്തെ താരത്തിന് 14 കോടി രൂപ, മൂന്നാമന് 11 കോടി രൂപ, നാലാമത്തെയും അഞ്ചാമത്തെയും കളിക്കാര്‍ക്ക് യഥാക്രമം 18 കോടി രൂപയും 14 കോടി രൂപയും ചിലവാകും.

കൂടാതെ, ഒരു ടീമിന് ഒരു അണ്‍ക്യാപ്ഡ് കളിക്കാരനെ നിലനിര്‍ത്താനും റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ഓപ്ഷന്‍ വഴി റിലീസ് ചെയ്യാനും കഴിയും. എന്നാല്‍ ടീം അഞ്ച് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അവര്‍ക്ക് ആര്‍ടിഎം ഓപ്ഷന്‍ ലഭ്യമാകും. മുകളില്‍പറഞ്ഞ താരങ്ങളെ മുംബൈ നിലനിര്‍ത്തിയാല്‍ 120 കോടി രൂപയില്‍ നിന്ന് 61 കോടി രൂപ അവര്‍ക്ക് ലഭിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ ലേലത്തില്‍ വാങ്ങാനും ടിം ഡേവിഡിനായി ആര്‍ടിഎം ഉപയോഗിക്കാനുമാണ് മുംബൈ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Content Highlights: Mumbai Indians likely to retain Rohit Sharma, Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us