ബംഗ്ലാദേശിനെതിരെ നടന്ന മൂന്ന് മത്സര ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി 20 യിൽ സ്വപ്ന സമാന പ്രകടനമായിരുന്നു മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ കാഴ്ച വെച്ചത്. ഓരോവറിൽ അഞ്ച് സിക്സറുകളടക്കം 47 പന്തിൽ 111 റൺസായിരുന്നു ഹൈദരാബാദ് ടി20 യിൽ സ്കോർ ചെയ്തത്. താരത്തിന്റെ ഈ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ടി20 റാങ്കിങ്ങിലും അനുകൂല മാറ്റങ്ങളുണ്ടാക്കിയിരിക്കുകയാണ്.
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മൂന്ന് കളികളിൽ 150 റൺസായിരുന്നു സഞ്ജു സാംസൺ സ്കോർ ചെയ്തത്. 205.48 ബാറ്റിങ് സ്ട്രൈക്ക് റേറ്റിൽ കളിച്ച സഞ്ജു 19 ബൗണ്ടറികളും എട്ട് സിക്സറുകളും ഈ പരമ്പരയിൽ നേടി. ഈ മിന്നും പ്രകടനം ബാറ്റിങ് റാങ്കിങ്ങിൽ 91 സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ സഞ്ജുവിനെ സഹായിച്ചു. നിലവിൽ ഐസിസിയുടെ ടി20 ബാറ്റിങ് റാങ്കിങ്ങിൽ 65-ാം സ്ഥാനത്താണ് സഞ്ജു സാംസൺ. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച സ്ഥാനം കൂടിയാണിത്.
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സ്വപ്ന അരങ്ങേറ്റം നടത്തിയ ഇന്ത്യയുടെ യുവ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ബാറ്റിങ് റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി. ഡൽഹിയിൽ നടന്ന രണ്ടാം ടി20 യിൽ 34 പന്തിൽ 74 റൺസ് അടിച്ചുകൂട്ടിയ നിതീഷ് റെഡ്ഡി, 255 സ്ഥാനങ്ങൾ ഒറ്റയടിക്ക് കയറി ബാറ്റിങ് റാങ്കിങ്ങിൽ 72-ാം സ്ഥാനത്ത് എത്തി. രണ്ടാം ടി20 യിൽ 29 പന്തിൽ 53 റൺസ് നേടി തിളങ്ങിയ മധ്യനിര ബാറ്റർ റിങ്കു സിങ്ങും പുതിയ റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി. 22 സ്ഥാനങ്ങൾ മുന്നിലേക്ക് കയറിയ റിങ്കു ബാറ്റിങ്ങ് റാങ്കിങ്ങിൽ ഇപ്പോൾ 43-ാം സ്ഥാനത്താണ്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യക്കാരിൽ ഒന്നാമത്. 818 റേറ്റിങ് പോയിന്റോടെ രണ്ടാം റാങ്കിലാണ് അദ്ദേഹം. ഈ പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചിരുന്ന സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഇന്ത്യക്കാരിൽ രണ്ടാമത്. റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് ഈ രാജസ്ഥാൻ റോയൽസ് താരം. റുതുരാജ് ഗെയിക്ക്വാദ് പതിനൊന്നാം റാങ്കിലും ശുഭ്മാൻ ഗിൽ ഇരുപത്തിയഞ്ചാം റാങ്കിലുമുണ്ട്.
ബൗളിങ് റാങ്കിങ്ങിൽ യുവ സ്പിന്നർ രവി ബിഷ്ണോയാണ് ഇന്ത്യക്കാരിൽ നേട്ടമുണ്ടാക്കിയത്. പരമ്പരയിലെ അവസാന കളിയിൽ മാത്രം പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ച ബിഷ്ണോയ്, ഈ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ പ്രകടനം റാങ്കിങ്ങിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ ബിഷ്ണോയെ സഹായിച്ചു. നിലവിൽ ഐസിസി ടി20 ബോളിങ് റാങ്കിങ്ങിൽ എട്ടാമതാണ് ഈ സ്പിന്നർ.
Content Highlights: sanju samson gains big in latest icc t20 rankings