വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഇടം പിടിച്ച് ദക്ഷിണാഫ്രിക്ക. സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ എട്ട് വിക്കറ്റ് വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ലോകകപ്പ് തുടങ്ങിയ 2009 മുതൽ ഇതാദ്യമായാണ് ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ഫൈനൽ കാണാതെ പുറത്താകുന്നത്.
42 പന്തിൽ 44 റൺസെടുത്ത ബെത്ത് മൂണിയാണ് ഓസീസ് ബാറ്റിങ് നിരയിൽ ടോപ് സ്‌കോറർ. 33 പന്തിൽ 27 റൺസ് നേടിയ തഹ്‌ലിയ മഗ്രാത്തും പിന്തുണ നൽകിയെങ്കിലും ഇരുവർക്കും ടി20 ശൈലിയിൽ സ്കോർ ഉയർത്താനായില്ല. എന്നാൽ ശേഷം വന്ന എലീസ് പെറി 23 പന്തിൽ 31 റൺസ് നേടിയും ഫോബെ ലീച് ഫീൽഡ് 9 പന്തിൽ 16 റൺസും നേടിയും ഓസ്‌ട്രേലിയയെ മാന്യമായ ടോട്ടലിലേക്കെത്തിച്ചു.
മറുപടി ബാറ്റിങിന്റെ തുടക്കത്തിൽ തന്നെ 15 റൺസ് നേടിയ ടാസ്‌മിനെ നഷ്ടമായെങ്കിലും അന്നെകെ ബോഷും ലോറ വോൾവർഡറ്റും ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരിക്കുന്നു. ലോറ 42 റൺസും ബോഷ് 74 റൺസുമാണ് നേടിയത്.
Content Highlights: T20 worldcup semifinal southafrica vs australia