ഇന്ത്യയ്‌ക്കെതിരായ ചരിത്ര സെഞ്ച്വറി; ന്യൂസിലാൻഡ് താരം രചിനെ സഹായിച്ചത് ചെന്നൈ സൂപ്പർ കിങ്‌സിന്റെ പിന്തുണ

നേരത്തെ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ വെറും 46 റൺസിനുള്ളിൽ കൂടാരം കയറിയിരുന്നു

dot image

ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 400 കടന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ്. 157 പന്തുകളിൽ 13 ഫോറുകളും നാല് സിക്സറുകളുമായി രചിൻ 137 റൺസാണ് നേടിയത്. കോൺവെയും സൗത്തിയും ഒഴികെയുള്ള ന്യൂസിലാൻഡ് താരങ്ങൾക്കൊന്നും തന്നെ കാര്യമായി പ്രകടനം നടത്താൻ കഴിയാത്ത പിച്ചിലായിരുന്നു രചിന്റെ കിടിലൻ ഇന്നിങ്‌സ്. നേരത്തെ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ വെറും 46 റൺസിനുള്ളിൽ കൂടാരം കയറിയിരുന്നു.

ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസി കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയ സഹായവും പിന്തുണയുമാണ് ഇത്ര ഗംഭീരമായൊരു ഇന്നിങ്‌സ് ഈ ടെസ്റ്റില്‍ കാഴ്ചവെയ്ക്കാന്‍ രചിന്‍ രവീന്ദ്രയെ സഹായിച്ചത്. അതിന് കാര്യമായി പറയപ്പെടുന്നത് ന്യൂസിലാന്‍ഡ് ടീമിലെ തന്റെ സഹതാരങ്ങള്‍ ഇന്ത്യയിലെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഇവിടെയെത്തിയിരുന്നു എന്നതാണ്. ചെന്നൈയിലെ സിഎസ്‌കെയുടെ അക്കാദമിയിലേക്കാണ് രചിനെത്തിയത്. തുടർന്ന് ഇവിടെ ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്തു. അടുത്ത സീസണിലും തങ്ങള്‍ക്കൊപ്പമുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നിട്ടും താരത്തിന് സിഎസ്‌കെ എല്ലാ തരത്തിലുള്ള സഹായങ്ങളും നല്‍കി. സിഎസ്‌കെ അക്കാദമിയിലെ പരിശീലനം രചിനെ ഇന്ത്യന്‍ പിച്ചുകളുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സഹായിക്കുകയും ചെയ്തു. ഇതാണ് ബെംഗളൂരു ടെസ്റ്റില്‍ വളരെ അനായാസം ഇന്ത്യയുടെ പേസ്, സ്പിന്‍ ആക്രമണത്തെ നേരിടാന്‍ അദ്ദേഹത്തെ സഹായിച്ചത്.

രചിന്റെ സെഞ്ച്വറിയില്‍ മാത്രമല്ല ഈ ടെസ്റ്റില്‍ മറ്റൊരു താരത്തിന്റെ പ്രകടനത്തിനും സിഎസ്‌കെയുമായി ബന്ധമുണ്ടെന്നതാണ് കൗതുകകരമായ കാര്യം. മല്‍സരത്തില്‍ രചിനെക്കൂടാതെ കിവികകളുടെ മറ്റൊരു പ്രധാന സ്‌കോറര്‍ ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ ഡെവന്‍ കോണ്‍വേയാണ്. അദ്ദേഹവും സിഎസ്‌കെ ടീമിന്റെ ഭാഗമാണെന്നു കാണാം. 2022 മുതല്‍ ചെന്നൈക്കായി കളിക്കുന്ന കോണ്‍വേ അവരുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളും കൂടിയാണ്.

അന്താരാഷ്ട്ര കരിയറില്‍ രചിന്‍ രവീന്ദ്ര ഇത് രണ്ടാം തവണയാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സെഞ്ച്വറി കണ്ടെത്തിയത്. തന്റെ ജന്മനാട് കൂടിയായ ഇവിടെ അദ്ദേഹത്തിന്റെ ആദ്യത്തെ സെഞ്ച്വറി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലായിരുന്നു. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ പുറത്താവാതെ 123 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു വര്‍ഷത്തിനു ശേഷം ഇതേ മൈതാനത്ത് ടെസ്റ്റ് ക്രിക്കറ്റിലും രചിന്‍ മൂന്നക്കം കടന്നിരിക്കുകയാണ്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഫിഫ്റ്റിയും ഇതേ ഗ്രൗണ്ടില്‍ താരം കുറിച്ചിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ പോരാട്ടത്തിലായിരുന്നു ഇത്.

Content Highlights: how csk helped rachin ravindra to get super century in bengaluru test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us