ന്യൂസിലന്‍ഡിനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ 134 റണ്‍സിന്റെ ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയെ 46 റണ്‍സിന് പുറത്താക്കി ഒന്നാം ഇന്നിങ്‌സിനിറങ്ങിയ കിവീസ് മികച്ച രീതിയിലാണ് ബാറ്റിങ് തുടരുന്നത്. ഇതിനിടെ ന്യൂസിലാന്‍ഡിന്റെ ബാറ്റിങ്ങിനിടയില്‍ അനായാസക്യാച്ച് കൈവിട്ട കെ എല്‍ രാഹുലിനോട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദേഷ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ ചർച്ചയാവുന്നത്.
ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥത്തെ പുറത്താക്കാനുള്ള സുവര്‍ണാവസരം രാഹുല്‍ നഷ്ടപ്പെടുത്തിയതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. മുഹമ്മദ് സിറാജ് എറിഞ്ഞ 13-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ രണ്ടാം പന്തില്‍ സിറാജിന്റെ ഓഫ് സൈഡിന് പുറത്തുപോയ ഷോര്‍ട്ട് ലെങ്ത് ഡെലിവറിയില്‍ ബാറ്റ് വച്ച ലാഥത്തിന് പിഴച്ചു. എഡ്‌ജെടുത്ത പന്ത് രണ്ടാം സ്ലിപ്പില്‍ നിന്ന രാഹുലിന് നേരെ പറന്നപ്പോൾ, രാഹുല്‍ ക്യാച്ചെടുക്കാന്‍ ഒന്നു ശ്രമിക്കുക പോലും ചെയ്യാതെ സ്തംഭിച്ച് നില്‍ക്കുന്നത് കാണാം. പന്ത് നേരെ ബൗണ്ടറിയിലേക്ക് കുതിക്കുകയും ചെയ്തു.
ഇതു കണ്ടു നിന്ന ക്യാപ്റ്റന്‍ രോഹിത് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കെ എല്‍ രാഹുലും വിരാട് കോഹ്‌ലിയും പരസ്പരം നോക്കിനില്‍ക്കുന്നതും കാണാം. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കെ എല്‍ രാഹുലിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ ഇന്ത്യയുടെ ബാറ്റിങ്ങില്‍ കെ എല്‍ രാഹുല്‍ ആറ് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ മടങ്ങിയിരുന്നു.
അതേ സമയം ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോൾ ന്യൂസിലാൻഡ് 134 റൺസിന്റെ ലീഡിലാണ്. ഒന്നാമിന്നിങ്സിൽ വെറും 46 റൺസിന് ഇന്ത്യയെ പുറത്താക്കിയ സന്ദർശകർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന ശക്തമായ നിലയിലാണ്.
ഇന്ത്യയുടെ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ ശ്രദ്ധയോടെയായിരുന്നു കിവീസ് താരങ്ങൾ ബാറ്റ് വീശിയത്. ഓപ്പണര്‍മാരായ ടോം ലാഥമും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് കിവീസിന് മികച്ച തുടക്കം നൽകി. ഇരുവരും ഓപ്പണിങ്ങില്‍ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 49 പന്തില്‍ 15 റണ്‍സെടുത്ത ലാഥമിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 73 പന്തില്‍ 33 റണ്‍സെടുത്ത വില്‍ യങ്ങിനെ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു. 105 പന്തില്‍ 91 റണ്‍സെടുത്ത ശേഷമാണ് ഡെവോണ്‍ കോണ്‍വേ പുറത്തായത്. അശ്വിനാണ് വിക്കറ്റ്. 22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ ദയനീയമായി തകര്‍ന്നടിയുകയായിരുന്നു. ന്യൂസിലാന്‍ഡിന്റെ പേസ് കൊടുങ്കാറ്റിന് മുന്നില്‍ ആടിയുലഞ്ഞ രോഹിത് ശര്‍മയും സംഘവും 46 റണ്‍സിന് ഓള്‍ഔട്ടായി. ബെംഗളൂരുവിലെ കുഞ്ഞന്‍ സ്‌കോറിന് പുറത്തായതോടെ നാണക്കേടിന്റെ റെക്കോര്‍ഡുകളാണ് ഇന്ത്യയെ തേടിയെത്തിയത്.
സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറെന്ന മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്ക് സ്വന്തമാക്കേണ്ടി വന്നത്. മാത്രമല്ല ഇന്ത്യന്‍ പിച്ചില്‍ ഏതൊരു ടീമിന്റെയും കുഞ്ഞന്‍ സ്‌കോറും ഇന്ത്യയുടെ 46 റണ്‍സാണ്. 2021ല്‍ ന്യൂസിലാന്‍ഡ് മുംബൈയില്‍ നേടിയ 62 റണ്‍സ് ഇതോടെ രണ്ടാം സ്ഥാനത്തായി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറുമാണിത്. 2020ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സിന് പുറത്തായതിനും 1974ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിന് പുറത്തായതിനും ശേഷമാണ് ബെംഗളൂരുവില്‍ 46 റണ്‍സെന്ന കുഞ്ഞന്‍ സ്‌കോറില്‍ ഇന്ത്യ പുറത്തായത്.
മഴ മുടക്കിയ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിന് ശേഷം രണ്ടാം ദിനമാണ് ടോസ് വീണത്. ഇന്ത്യന്‍ നിരയില്‍ റിഷഭ് പന്ത് (20), യശസ്വി ജയ്സ്വാള്‍ (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അതേസമയം അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വില്‍ ഒറൂര്‍ക്ക് നാല് വിക്കറ്റും വീഴ്ത്തി.
Content Highlights: KL Rahul Drops easy catch in Bengaluru Test, Rohit Sharma expresses disappointment