ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം കാല്‍മുട്ടിന് പരിക്കേറ്റ് കളംവിട്ട റിഷഭ് പന്തിനെ കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നില്ല. ടെസ്റ്റിന്റെ മൂന്നാം ദിനം മത്സരം പുനരാരംഭിച്ചപ്പോഴും പന്ത് വിക്കറ്റ് കീപ്പിങ്ങിന് ഇറങ്ങാത്തതാണ് ആശങ്ക ഉയര്‍ത്തുന്നത്. പന്തിന് പകരം ധ്രുവ് ജുറേലാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കാക്കുന്നത്.
രണ്ടാം ദിനം പരിക്കേറ്റ പന്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം റിഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങുമോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പന്തിന്റെ പരിക്ക് ഗുരുതരമാണോ എന്നുള്ള ആശങ്കയിലാണ് ആരാധകര്‍.
UPDATE: Mr Rishabh Pant will not keep wickets on Day 3.
— BCCI (@BCCI) October 18, 2024
The BCCI Medical Team is monitoring his progress.
Follow the match - https://t.co/FS97Llv5uq#TeamIndia | #INDvNZ | @IDFCFIRSTBank
ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ 37-ാം ഓവറിലായിരുന്നു പന്തിന് പരിക്കേല്‍ക്കുന്നത്. രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുകയായിരുന്ന റിഷഭ് പന്തിന്റെ കാല്‍മുട്ടിന് ഇടിക്കുകയായിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയകള്‍ നടത്തിയ അതേ വലതുകാലില്‍ പരിക്കേറ്റ പന്ത് പിന്നാലെ കളംവിട്ടിരുന്നു. പന്തിന് പകരം ധ്രുവ് ജുറേലാണ് പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കാത്തത്.
ശസ്ത്രക്രിയ നടന്ന കാലിലാണ് പന്തിന് പരിക്കേറ്റതെന്നും കാലില്‍ നീരുവന്നിട്ടുണ്ടെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരശേഷം പ്രതികരിച്ചിരുന്നു. പന്തിന്റെ കാര്യത്തില്‍ റിസ്‌കെടുക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് താരം ഉടനെ കളംവിട്ടതെന്നും രോഹിത് വ്യക്തമാക്കിയിരുന്നു. സുഖം പ്രാപിച്ച് പന്ത് ഇന്ന് കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് രോഹിത് പറഞ്ഞിരുന്നെങ്കിലും മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലായതിനാല്‍ പന്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
Content Highlights: Injured Rishabh Pant fails to take field on Day 3 of India vs New Zealand Test