1338 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം മണ്ണില്‍ വിജയം; ഇംഗ്ലണ്ടിനെ വീഴ്ത്തി പാകിസ്താന്‍

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 144 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ടാക്കി

dot image

1,338 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ പാകിസ്താന് സ്വന്തം മണ്ണിൽ ടെസ്റ്റ് വിജയം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 152 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പാക് പട സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 144 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ടാക്കി. ബൗളര്‍മാരായ നൊമാന്‍ അലിയുടെയും സാജിദ് ഖാന്റെയും നിര്‍ണായക പ്രകടനമാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്.

എട്ട് വിക്കറ്റ് നേടിയ നൊമാന്‍ അലിയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 16 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങിയാണ് നൊമാന്‍ എട്ട് വിക്കറ്റാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നൊമാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ സാജിദ് ഖാന്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ യുവതാരം കമ്രാന്‍ ഗുലാമും പാകിസ്താന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സാജിത് ഖാനാണ് കളിയിലെ താരം.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് പാക് പട അടിയറവ് പറഞ്ഞത്. ഇതിനുപിന്നാലെ വലിയ വിമര്‍ശനങ്ങളും ടീമിന് നേരിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് ടീമിന്റെ മുന്‍ നായകനായ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങളെ മാറ്റിനിര്‍ത്തിയാണ് പാകിസ്താന്‍ രണ്ടാം ടെസ്റ്റിനിറങ്ങിയത്. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താന്റെ ആദ്യ ഇന്നിങ്‌സില്‍ ബാബര്‍ അസമിന് പകരക്കാരനായി ടീമിലെത്തിയ കമ്രാന്‍ ഗുലാം സെഞ്ച്വറി നേടി തിളങ്ങി. 224 പന്തുകളില്‍ 118 റണ്‍സാണ് ഗുലാം നേടിയത്. 77 റണ്‍സ് നേടി സൈം അയ്യൂബും തിളങ്ങിയതോടെ പാകിസ്താന്‍ 366 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. ഇംഗ്ലണ്ടിന് വേണ്ടി ജാക് ലീച്ച് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് സെഞ്ച്വറി നേടിയ ബെന്‍ ഡക്കറ്റ് മികച്ച തുടക്കം നല്‍കി. 129 പന്തുകളില് 114 റണ്‍സെടുത്ത് ഡക്കറ്റ് തിളങ്ങിയെങ്കിലും മറ്റു ബാറ്റര്‍മാര്‍ പാക് ബൗളിങ്ങിന് മുന്നില്‍ അടിയറവ് പറഞ്ഞു. ഇന്നിങ്‌സില്‍ സാജിദ് ഖാന്‍ ഏഴ് വിക്കറ്റും നോമന്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പതറി. ഇതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 291 റണ്‍സില്‍ അവസാനിച്ചു.

75 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച പാകിസ്താന് വേണ്ടി സല്‍മാന്‍ അലി അഗ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 89 പന്തില്‍ 63 റണ്‍സെടുത്ത് സല്‍മാന്‍ പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 221 റണ്‍സ് മാത്രം നേടി പാകിസ്താന്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ മുന്നിലെ അവസാന വിജയലക്ഷ്യം 296 റണ്‍സായി മാറി. എന്നാല്‍ നോമന്‍ അലിയും സാജിദ് ഖാനും കൊടുങ്കാറ്റായി മാറിയതോടെ ഇംഗ്ലണ്ട് കേവലം 152 റണ്‍സിന് പുറത്താവുകയും പാകിസ്താന്‍ വിജയം ഉറപ്പിക്കുകയും ചെയ്തു.

Content Highlights: Pakistan beat England by 152 runs in 2nd cricket Test to level series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us