ടെസ്റ്റ് ക്രിക്കറ്റിലെ സിക്സർ നേട്ടത്തിൽ ഇന്ത്യൻ മുൻ ഓപ്പണർ വിരേന്ദർ സേവാഗിനെ മറികടന്ന് ന്യൂസിലാൻഡിന്റെ ടിം സൗത്തി. ബെംഗളൂരുവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റിനിടെയായിരുന്നു താരം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായ സെവാഗിന്റെ റെക്കോർഡ് സൗത്തി മറികടന്നത്. 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 93 സിക്സറുകളാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. 104 ടെസ്റ്റുകളിൽ നിന്നാണ് സെവാഗ് 91 സിക്സറുകളടിച്ചത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറുകളടിച്ചവരുടെ പട്ടികയിൽ ടിം സൗത്തി ആറാമതും സെവാഗ് ഏഴാമതുമാണ്. 106 മത്സരങ്ങളിൽ നിന്ന് 131 സിക്സറുകളുമായി ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്ക്‌സാണ് ലിസ്റ്റിൽ ഒന്നാമത്. 101 പന്തിൽ 107 സിക്സറുകളുമായി ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലം രണ്ടാമതും 96 മത്സരങ്ങളിൽ നിന്ന് 100 സിക്സറുകളുമായി ആദം ഗിൽക്രിസ്റ്റ് മൂന്നാം സ്ഥാനത്തുമാണ്. അതേ സമയം നിലവിൽ കളിക്കുന്ന താരങ്ങളിൽ ടിം സൗത്തി തന്നെയാണ് ഒന്നാമത്. 68 മത്സരങ്ങളിൽ നിന്ന് 88 സിക്‌സറുകൾ നേടിയ രോഹിത് ശർമയാണ് നിലവിൽ കളിക്കുന്ന താരങ്ങളിൽ രണ്ടാമത്.
അതേ സമയം ബെംഗളൂരുവിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റിൽ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. 63 പന്തിൽ എട്ട് ഫോറം ഒരു സിക്സറുമടക്കം 52 റൺസ് നേടിയ രോഹിത് ശർമയുടെയും 52 പന്തുകളിൽ നിന്ന് 35 റൺസ് നേടിയ യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ ഇതിനകം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 153 റൺസിൽ ബാറ്റിങ് തുടരുന്ന ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലിയും സർഫറാസ് ഖാനാണ് ക്രീസിൽ.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 46 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ന്യൂസിലാൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ആദ്യ ഇന്നിങ്‌സ് പുനഃരാരംഭിച്ചത്. തുടക്കത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും പിന്നീട് സൗത്തിയെ കൂട്ടുപിടിച്ച് രച്ചിന്‍ രവീന്ദ്ര സെഞ്ച്വറിയുമായി തകർത്തടിച്ചതോടെ ടീം സ്‌കോര്‍ 402 ലെത്തി. 157 പന്തുകളിൽ 13 ഫോറുകളും നാല് സിക്സറുകളുമായി രചിൻ 137 റൺസെടുത്തപ്പോൾ ടിം സൗത്തി 73 പന്തിൽ അഞ്ച് ഫോറുകളും നാല് സിക്സറുകളും അടക്കം 65 റൺസും നേടി.
Content Highlights: Tim touthee beat Virender Sehwag's milestone