ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 'മറവി' പല തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള രസകരമായ സംഭവമാണ്. 2023 ലെ ഇന്ത്യ- ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തിനിടെ ടോസ് നേടിയിട്ടും എന്ത് തിരഞ്ഞെടുക്കണമെന്ന് മറന്നുപോയതും ഏഷ്യാകപ്പ് ഫൈനല്‍ വിജയത്തിനുശേഷം ഇന്ത്യയിലേക്ക് തിരിക്കുന്നതിനിടെ റൂമില്‍ പാസ്പോര്‍ട്ട് മറന്നുവെച്ചതും ഹിറ്റ്മാന്റെ 'വിഖ്യാതമായ മറവി'യുടെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇപ്പോള്‍ ബെംഗളൂരുവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റിനിടെയും രോഹിത് ശര്‍മയുടെ മറവി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഇത്തവണ ഗ്രൗണ്ടിലേക്കുള്ള വഴിയാണ് രോഹിത് മറന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗ്രൗണ്ടിലേക്കുള്ള വഴിതെറ്റിയ രോഹിത് സൈറ്റ് സ്ക്രീനിന് പിറകിലുള്ള വഴിയിലൂടെയാണ് നടക്കുന്നത്. വയറുകളും മറ്റു സാധനങ്ങളുമെല്ലാം വെച്ചിട്ടുള്ള ഒരു ഇടുങ്ങിയ വഴിയിലൂടെ കഷ്ടപ്പെട്ട് നടന്നുനീങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ തൊട്ടടുത്തുതന്നെ നേരായ വഴിയുണ്ടെങ്കിലും രോഹിത് മറ്റൊരു വഴിയിലൂടെ നടന്നുനീങ്ങുന്ന വീഡിയോ ആരാധകരിലൊരാളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ രോഹിത്തിന് വഴി തെറ്റിയതു കണ്ട് ആശങ്കപ്പെടുന്നതും പിന്നീട് തിരിച്ചുപോവുന്നതും വീഡിയോയില്‍ കാണാം.
Never seen a funnier character than Rohit Sharma. Absolutely unfiltered! 😂 pic.twitter.com/IlEndPjiHO
— 𝐉𝐨𝐝 𝐈𝐧𝐬𝐚𝐧𝐞 (@jod_insane) October 18, 2024
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. രോഹിത് ശര്‍മയുടെ രസകരമായ സ്വഭാവത്തെ കുറിച്ച് ചിലര്‍ പറയുമ്പോള്‍ ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. കളി കൈവിട്ടതോടെ വഴിയും കൈവിട്ടുവെന്നാണ് ചില ആരാധകരുടെ കമന്റ്. ടെന്‍ഷന്‍ കാരണം വഴി മറന്നുപോയെന്നും ചിലര്‍ പറയുന്നു.
Content Highlights: IND v NZ: Rohit Sharma forget his way to Chinnaswamy ground, Hilarious video breaks the internet