രോഹിത്തും സൂര്യയും വീണ്ടും ഹാർദിക്കിനു കീഴിൽ കളിക്കുമോ? മുംബൈയുടെ റീടെൻഷൻ നീക്കങ്ങൾ ഇങ്ങനെ

ഒക്ടോബർ 31 ആണ് ഓരോ ടീമുകൾക്കും റീടെൻഷൻ ലിസ്റ്റ് പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി.

dot image

ഇന്ത്യൻ ടീം കിവീസിനെതിരെ ടെസ്റ്റ് പരമ്പരയുടെ തിരക്കിലാണെങ്കിലും ഐപിഎല്ലിലെ റീടെൻഷനുമായി ബന്ധപ്പെട്ട വാർത്തകളും ഇപ്പോൾ ചർച്ചയാണ്. ഒക്ടോബർ 31 ആണ് ഓരോ ടീമുകൾക്കും റീടെൻഷൻ ലിസ്റ്റ് പ്രഖ്യാപിക്കാനുള്ള അവസാന തീയ്യതി. ഏവരും ഉറ്റുനോക്കുന്നത് എന്തായിരിക്കും മുംബൈ ഇന്ത്യൻസിന്റെ റീടെൻഷൻ ലിസ്റ്റ് എന്നാണ്. മുൻനായകനും ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് സമ്മാനിച്ച നായകനുമായ രോഹിത് ശർമയെ അവർ നിലനിർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മിനി താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യന്‍സ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീട് ഐപിഎല്ലിലും നിരാശാജനകമായ പ്രകടനമാണ് ഈ ക്യാപ്റ്റൻസി വിവാദങ്ങൾക്കിടെ മുംബൈ കാഴ്ചവെച്ചത്.

ഹാർദികിനെ മുംബൈ ആരാധകർ കൂവിവിളിച്ചായിരുന്നു ഓരോ മത്സരത്തിലും വരവേറ്റത്. മുംബൈ ആവട്ടെ, പോയിന്റ് ടേബിളിൽ അവസാനക്കാരുമായി. 14 മത്സരങ്ങളിൽ നിന്നായി വെറും 4 ജയങ്ങൾ മാത്രം നേടാനാണ് മുംബൈയ്ക്ക് കഴിഞ്ഞ വർഷം കഴിഞ്ഞത്.

ഇതിനിടെ രോഹിത്തിനെ ഈ സീസണിൽ മുംബൈ കൈവിട്ടേക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ ദിനം ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത് രോ​ഹിത്, ഹാർദിക്. സൂര്യ, ബുംമ്ര എന്നിവരെ മുബൈ കൈവിടില്ലെന്നാണ്. അങ്ങനെയെങ്കിൽ നിലവിൽ രോഹിത്തിനു ശേഷം സൂര്യയാണ് ഇന്ത്യൻ ടി20 നായകനെങ്കിലും ഹാർദികിനെ ക്യാപ്റ്റൻസിയിൽ നിന്ന് ഒറ്റസീസണു ശേഷം മാറ്റാൻ മുംബൈ തയ്യാറായേക്കില്ല. അങ്ങനെ വരുമ്പോൾ ഇന്ത്യയുടെ രണ്ട് ക്യാപ്റ്റൻമാരും ഹാർദിക്കിന് കീഴിൽ കളിക്കാനുള്ള സാധ്യതയാണ് അടുത്ത ഐപിഎല്ലിൽ തെളിയുന്നത്.

കോച്ച് ബൗച്ചറെ മാറ്റി ജയവർധനെയ്ക്ക് തന്നെ കോച്ചിന്റെ ചുമതല മുംബൈ മാനേജ്മെന്റ് കഴിഞ്ഞ ദിനം നൽകിയിരുന്നു. ലേലത്തിൽ ചില വലിയ താരങ്ങളെ തങ്ങൾക്കൊപ്പം കൊണ്ടുവരുമെന്നും മുംബൈ മാനേജ്മെന്റ് കഴിഞ്ഞ ദിനങ്ങളിൽ പ്രസ്താവന ഇറക്കിയിരുന്നു.

Content Highlights: Mumbai Indians IPL retention news

dot image
To advertise here,contact us
dot image