'ക്യാപ്റ്റന്‍സിയില്‍ ധോണിയുടെ ആ മികവ് രോഹിത് കണ്ടുപഠിക്കണം'; താരതമ്യവുമായി സഞ്ജയ് മഞ്ജരേക്കര്‍

ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സില്‍ രച്ചിന്‍ രവീന്ദ്രയും ടിം സൗത്തിയും സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു.

dot image

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എം എസ് ധോണിയുടെ ചില മികവ് രോഹിത് തന്റെ ക്യാപ്റ്റന്‍സിയിലും ഉള്‍പ്പെടുത്തണമെന്നാണ് മഞ്ജരേക്കര്‍ ആവശ്യപ്പെടുന്നത്. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് രോഹിത്തിന്‍റെയും ധോണിയുടെയും ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്ത് മഞ്ജരേക്കര്‍ രംഗത്തെത്തിയത്.

'സാഹചര്യത്തിന് അനുസരിച്ച് ബൗളിങ്ങില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള പ്രത്യേക കഴിവ് ധോണിക്കുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് മുന്‍പ് ബൗളിങ്ങില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ക്യാപ്റ്റന്‍ ധോണി പ്രാധാന്യം നല്‍കാറുണ്ട്. ധോണിയുടെ ആ കഴിവ് രോഹിത് തന്റെ നായകത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം', മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.

ആദ്യ ഇന്നിങ്‌സില്‍ കേവലം 46 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യയ്‌ക്കെതിരെ കിവികള്‍ 402 റണ്‍സ് അടിച്ചെടുത്തിരുന്നു. 356 റണ്‍സിന്റെ ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്. ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സില്‍ രച്ചിന്‍ രവീന്ദ്രയും ടിം സൗത്തിയും സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ന്യൂസിലാന്‍ഡിന് അധികമായി റണ്‍സ് വിട്ടുകൊടുക്കുകയാണെന്ന് വിമര്‍ശിച്ച് മഞ്ജരേക്കര്‍ രംഗത്തെത്തിയത്.

മൂന്നാം ദിനം 180-3 എന്ന നിലയില്‍ ക്രീസിലിറങ്ങിയ കിവീസ് രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയുടെയും(134) ടിം സൗത്തിയുടെ അര്‍ധസെഞ്ചുറിയുടെയും(65) കരുത്തിലാണ് കൂറ്റന്‍ ലീഡ് ഉറപ്പിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം ബെംഗളൂരു ടെസ്റ്റില്‍ 356 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ പൊരുതുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ക്രീസ് വിട്ടത്. 70 റണ്‍സോടെ സര്‍ഫറാസ് ഖാനാണ് ക്രീസിലുള്ളത്. മൂന്നാം ദിവസത്തെ കളിയുടെ അവസാന പന്തില്‍ 70 റണ്‍സെടുത്ത വിരാട് കോഹ്ലിയെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. എങ്കിലും അര്‍ധ സെഞ്ച്വറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും കോഹ്ലി ഇന്ന് പിന്നിട്ടു.

കോഹ്ലി പുറമെ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 35 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സാണ് മൂന്നാം ദിനത്തിലെ അവസാന പന്തില്‍ കോഹ്ലിയെ വീഴ്ത്തിയത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 125 റണ്‍സ് കൂടി വേണം. സ്‌കോര്‍ ഇന്ത്യ 46, 231-3, ന്യൂസിലന്‍ഡ് 402.

Content Highlights: “Needs to bring that quality”, Manjrekar compared Rohit Sharma with MS Dhoni

dot image
To advertise here,contact us
dot image