ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് മഴയുടെ കളിയോ? രാവിലെ 9:30 ന് ആരംഭിക്കേണ്ട മത്സരം മഴ മൂലം ഇത് വരെ ആരംഭിച്ചിട്ടില്ല. ഇന്ന് ദിവസം മുഴുവൻ കളി നടക്കുന്ന ബെംഗളുരുവിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രവും നൽകുന്ന മുന്നറിയിപ്പ്.
അവസാന ദിവസം ന്യൂസിലാന്‍ഡിന് ജയിക്കാന്‍ വേണ്ടത് 107 റണ്‍സും ഇന്ത്യക്ക് വേണ്ടത് 10 വിക്കറ്റുമാണ്. 107 റൺസ് എന്നത് ന്യൂസിലാൻഡിനെ സംബന്ധിച്ചിടത്തോളം താരതമ്യേന ഭേദിക്കാവുന്ന സ്കോർ തന്നെയാണ്. ആദ്യ ഇന്നിങ്സിലെ അവരുടെ ബാറ്റിങ് പ്രകടനവും അത് അടിവരയിടുന്നു. അതേ സമയം അവസാന ദിവസം സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചില്‍ ഇന്ത്യയ്ക്കും നേരിയ വിജയപ്രതീക്ഷയുണ്ട്.
പത്ത് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലൻഡിനാണ് അവസാന ദിവസം മുന്‍തൂക്കം. ഈ സാഹചര്യത്തില്‍ അവസാന ദിവസം മഴ മൂലം കളി മുടങ്ങിയാല്‍ അത് കിവീസിനാവും വലിയ തിരിച്ചടിയാവുക. അതുകൊണ്ടുതന്നെ അവസാന ദിനത്തിലെ കാലാവസ്ഥ ഇരു ടീമുകള്‍ക്കും ഏറെ പ്രധാനമാണ്. അക്യുവെതറിന്‍റെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ബെംഗളൂരുവില്‍ ഞായറാഴ്ച മഴ പെയ്യാനുള്ള സാധ്യത 80 ശതമാനമാണ്. മണിക്കൂറുകള്‍ തിരിച്ചുള്ള കാലാവസ്ഥ പ്രവചനം കണക്കിലെടുത്താല്‍ രാവിലെ 9 ന് 51 ശതമാനവും അടുത്ത രണ്ട് മണിക്കൂറില്‍ 47 ശതമാനവുമാണ് മഴ പെയ്യാനുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.
ഉച്ചക്ക് ഒരു മണിയോടെ മഴ പെയ്യാനുള്ള സാധ്യത വീണ്ടും 49 ശതമാനമായി ഉയരും. രണ്ട് മണിയോടെ ഇത് 55 ശതമാനവുമെങ്കിലും മൂന്ന് മുതല്‍ നാലു വരെ മഴ പെയ്യാനുള്ള സാധ്യത 39 ശതമാനമായി കുറയും. നാല് മുതല്‍ അഞ്ച് വരെ മഴസാധ്യത 33 ശതമാനമായി കുറയുമെങ്കിലും അഞ്ച് മുതല്‍ ആറ് വരെ 39 ശതമാനമായി ഉയരുമെന്നാണ് അക്യുവെതറിന്‍റെ പ്രവചനം.
മഴ മൂലം ടെസ്റ്റിന്‍റെ ആദ്യ ദിനം പൂര്‍ണമായും നഷ്ടമായിരുന്നു.
Content Highlights: India vs New Zealand 1st Test Day 5: Rain delays start of final day