'ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ശക്തമായി തിരിച്ചുവരും'; ആവേശമായി റിഷഭ് പന്തിന്റെ വാക്കുകൾ

ബെം​ഗളൂരു ടെസ്റ്റിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് റിഷഭ് പന്തിന്റെ വാക്കുകൾ

dot image

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ആവേശമുണർത്തുന്ന വാക്കുകളുമായി റിഷഭ് പന്ത്. 'ഈ വിനോദം നിങ്ങളുടെ പരിധികളെ പരീക്ഷിക്കും. ചിലപ്പോൾ നിങ്ങളെ ഇടിച്ച് നിലത്തിടും. വീണ്ടും നിങ്ങളെ ഉയർത്തും, ദൂരേയ്ക്ക് വലിച്ചെറിയും. എന്നാൽ ഈ വിനോദത്തെ സ്നേഹിക്കുന്നവർ ശക്തമായി തിരിച്ചുവരും. ബെം​ഗളൂരുവിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിന്തുണച്ച, ആവേശം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ശക്തമായി തിരിച്ചുവരും.' യുവവിക്കറ്റ് കീപ്പർ ബാറ്റർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ന്യുസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിം​ഗ്സിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ റിഷഭ് പന്തിന് സാധിച്ചിരുന്നു. 105 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സും സഹിതം 99 റൺസാണ് റിഷഭ് രണ്ടാം ഇന്നിം​ഗ്സിൽ അടിച്ചെടുത്തത്. ന്യൂസിലാൻഡിന്റെ ആദ്യ ഇന്നിം​ഗ്സിനിടെ കാൽമുട്ടിന് പരിക്കേറ്റ റിഷഭ് പന്ത് ​ഗ്രൗണ്ട് വിട്ടിരുന്നു. പിന്നാലെ ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായത്. എന്നാൽ രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യയ്ക്ക് ആവശ്യമായ ഘട്ടത്തിൽ റിഷഭ് ബാറ്റുമായി ക്രീസിലെത്തി.

മഴ പലതവണ വില്ലനായെത്തിയ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യയ്ക്ക് 46 റൺസ് മാത്രമാണ് നേടാനായത്. മറുപടിയായി ന്യൂസിലാൻഡ് 402 റൺസ് ആദ്യ ഇന്നിം​ഗ്സിൽ നേടി. 356 റൺസിന്റെ ലീഡ് മറികടന്ന് ഇന്ത്യ രണ്ടാം ഇന്നിം​ഗ്സിൽ 462 റൺസെടുത്തു. എന്നാൽ 107 റൺസ് വിജയലക്ഷ്യം ന്യൂസിലാൻഡ് അനായാസം മറികടന്നു.

Content Highlights: Rishabh Pant's heartbreaking post after Bengluru test defeat

dot image
To advertise here,contact us
dot image