എമേർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ എയ്ക്ക് രണ്ടാം ജയം. യുഎഇയ്ക്കെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറിൽ 107 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇന്ത്യ എ 10.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 24 പന്തിൽ 58 റൺസെടുത്ത അഭിഷേക് ശർമയുടെ വെടിക്കെട്ടാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്.
മത്സരത്തിൽ ടോസ് നേടിയ യുഎഇ ബാറ്റിങ് തിരഞ്ഞെടുത്തു. രാഹുൽ ചോപ്രയുടെ അർധ സെഞ്ച്വറിയാണ് യുഎഇ സ്കോർ 100 കടത്തിയത്. 50 പന്തിൽ 50 റൺസാണ് രാഹുൽ ചോപ്ര നേടിയത്. ക്യാപ്റ്റൻ ബേസിൽ ഹമീദ് 12 പന്തിൽ 22 റൺസും നേടി. യുഎഇ നിരയിൽ മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യ എയ്ക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ പവർപ്ലേ പിന്നിടുമ്പോൾ ഇന്ത്യ എ ഒരു വിക്കറ്റ് നഷ്ടത്തിൽ 74 റൺസെന്ന നിലയിലായിരുന്നു. പിന്നാലെ 20 പന്തിൽ അഭിഷേക് ശർമ അർധ സെഞ്ച്വറി നേരിട്ടു. 24 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം അഭിഷേക് 58 റൺസെടുത്ത് പുറത്തായി. 18 പന്തിൽ 21 റൺസുമായി തിലക് വർമ ശക്തമായ പിന്തുണ നൽകി. ഇരുവരും പുറത്തായെങ്കിലും നേഹൽ വദേരയും ആയുഷ് ബഡോനിയും ചേർന്ന് ഇന്ത്യ എയെ ലക്ഷ്യത്തിലെത്തിച്ചു.
ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ ഇന്ത്യ എ പാകിസ്താൻ എയെ പരാജയപ്പെടുത്തിയിരുന്നു. മറ്റെന്നാൾ ഒമാനെതിരെയാണ് ഇന്ത്യ എയുടെ അടുത്ത മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ടീം എമേർജിങ് ഏഷ്യാ കപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു.
Content Highlights: India A sealed a spot in Emerging Asia Cup semis following Abhishek's firework