തുടർച്ചയായ നാലാം ദിവസവും തുടരുന്ന കനത്ത മഴയിൽ കേരളം- കര്‍ണാടക രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ആളൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ഇതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ദിനത്തിലെ അവസാന സെഷന്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഗ്രൂപ്പ് സിയില്‍ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ശനിയാഴ്ച്ച, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
കളി നിര്‍ത്തി വെക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു കേരളം. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവരായിരുന്നു ക്രീസില്‍. ടോസ് നേടിയ കര്‍ണാടക, കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളായിരുന്നു കേരളത്തിന് നഷ്ടമായിരുന്നത്. നേരത്തെ പഞ്ചാബിനെതിരെ നടന്ന രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളം എട്ടുവിക്കറ്റിന് വിജയിച്ചിരുന്നു.
ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് അവസരം കാത്തിരിക്കുന്ന സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ് രഞ്ജി ട്രോഫി മത്സരങ്ങൾ. രഞ്ജിയിലെ പ്രകടനം ഒരു പക്ഷെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളിയായി സഞ്ജുവിന് മുന്നിലെത്താനുള്ള അവസരമുണ്ട്. പന്തിന്റെ പരിക്കും രാഹുലിന്റെ മോശം ഫോമും സഞ്ജുവിന് മുന്നിലുള്ള വാതിൽ തുറക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
Content Highlights: kerala vs karnataka ranji trophy match ended as draw