കഴിഞ്ഞ ടെസ്റ്റുകളിലെ മോശം പ്രകടനത്തിന്റെ പേരിൽ ഏറെ പഴി കേട്ട താരമാണ് ഇന്ത്യയുടെ മധ്യനിര ബാറ്ററായ കെ എൽ രാഹുൽ. കഴിഞ്ഞ ടെസ്റ്റിൽ ദയനീയപ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അതിനു ശേഷം മുതൽ രാഹുലിനെ ടീമിൽ നിന്ന് പുറത്താക്കണമെന്ന മുറവിളികൾ എമ്പാടും ഉയർന്നിട്ടുണ്ട്.
ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് കളി കഴിഞ്ഞതിനു ശേഷമുള്ള രാഹുലിന്റെ ഒരു അംഗവിക്ഷേപം. രാഹുലിന്റെ ജെസ്റ്റർ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളി കാണാൻ വന്നവരേയും ആകർഷിച്ചു. സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. മത്സരം കഴിഞ്ഞതിനു ശേഷം പവലിയനിലേക്ക് നടക്കുന്നതിനിടെ രാഹുൽ ചിന്നസ്വാമിയിലെ പിച്ചിൽ കുനിഞ്ഞ് മണ്ണിൽ തൊടുന്ന വൈകാരിക രംഗമാണ് കാണികൾ ഏറ്റെടുത്തത്. ഇത് രാഹുലിന്റെ അവസാനടെസ്റ്റാണോ എന്നാണ് ആരാധകർ ഇത് കണ്ട് ചോദിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളോട് രാഹുൽ ഗുഡ്ബൈ പറയുകയാണെന്നും ചിലർ കമന്റുകളുമായി എത്തിയിട്ടുണ്ട്.
KL Rahul touching the Bengaluru pitch after the match. pic.twitter.com/csCJJoy8m3
— Mufaddal Vohra (@mufaddal_vohra) October 20, 2024
ബെംഗളുരുവിനെ ചിന്നസ്വാമി രാഹുലിനെ സംബന്ധിച്ചിടത്തോളം ഹോം ഗ്രൗണ്ടാണ്. 2013 മുതൽ 2016 വരെ ഇന്ത്യൻ പ്രിമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സിന്റെ ഭാഗമായിരുന്നു രാഹുൽ. അതിനൊപ്പം രാഹുൽ കർണാടകയെയാണ് ആഭ്യന്തരമത്സരങ്ങളിൽ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ 0, 12 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്കോർ. കഴിഞ്ഞ വർഷം ഡിസംബർ 26ന് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിലാണ് രാഹുൽ ഒടുവിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. പിന്നീട് ഇന്ത്യൻ ടീമിൽ മികച്ച പ്രകടനങ്ങൾ നടത്താൻ രാഹുലിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് താരത്തിനെതിരെ വിമർശനം ശക്തമാകുന്നത്.
ഇതിനിടെ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡ് എട്ട് വിക്കറ്റ് വിജയമാണ് കരസ്ഥമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 27.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിൽ യങ്ങും(45) രചിൻ രവീന്ദ്രയുമാണ്(39) ന്യൂസിലൻഡിന് വിജയം നേടി കൊടുത്തത്. ആദ്യ ഇന്നിങ്സിൽ വെറും 46 റൺസിന് ഓൾ ഔട്ടായതാണ് ഇന്ത്യയ്ക്ക് വിനയായത്. ഇന്ത്യയുടെ 46 റൺസിന് മറുപടി ഇന്നിങ്‌സായി ന്യൂസിലാൻഡ് 402 റൺസെടുത്തിരുന്നു. രചിൻ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് സന്ദർശകർ ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് ഉയർത്തിയത്.
Content Highlights: KL Rahul gesture after the match vs nz