ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെ നാളായി കളിക്കളത്തിന് പുറത്തായ ഷമി ബൗളിങ് പരിശീലനം പുനഃരാരംഭിച്ചിരുന്നു. ഇതിനുപിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്ത മാസം ആരംഭിക്കുന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന വ്യക്തമായ സൂചന നല്‍കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
'ഇന്നലെ നന്നായി പന്തെറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കാരണം അധികം അധ്വാനം വേണ്ടെന്നു വെച്ച് കുറഞ്ഞ റണ്ണപ്പിലായിരുന്നു കഴിഞ്ഞ ദിവസം വരെ പന്തെറിഞ്ഞത്. എന്നാല്‍ ഇന്നലെ സാധാരണ നിലയില്‍ തന്നെ ബൗള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ 100 ശതമാനവും നല്‍കിയാണ് ഞാന്‍ പരിശീലനം നടത്തിയത്' ഷമി മാധ്യമങ്ങളോട് പറഞ്ഞു.
'എനിക്കിപ്പോള്‍ വേദനയൊന്നുമില്ല. ഞാന്‍ പൂര്‍ണ ആരോഗ്യവനാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ് പലരുടേയും ആശങ്ക. അതിന് ഇനിയും സമയമുണ്ട്. അടുത്ത മത്സരം കളിക്കുമോ എന്ന് എനിക്കിപ്പോള്‍ അറിയില്ല. പക്ഷേ, 20 മുതല്‍ 30 ഓവര്‍ വരെ പന്തെറിയാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്ന ദിവസം, ഡോക്ടര്‍മാര്‍ അതിനുള്ള അനുമതി തന്നാല്‍ ഞാന്‍ തിരിച്ചെത്തും', അദ്ദേഹം വ്യക്തമാക്കി.
'ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഞാന്‍ പൂര്‍ണമായും ഫിറ്റായിരിക്കണമെന്നും ശക്തനായിരിക്കണമെന്നും മാത്രമാണ് ഇപ്പോള്‍ എന്റെ മനസിലുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഏതുതരത്തിലുള്ള ആക്രമണമാണ് പുറത്തെടുക്കേണ്ടതെന്ന് എനിക്കറിയാം. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പായി പരമാവധി സമയം ഗ്രൗണ്ടില്‍ ചെലവഴിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിനുമുന്‍പ് രണ്ട് രഞ്ജി മത്സരങ്ങളെങ്കിലും എനിക്ക് കളിക്കണം', ഷമി കൂട്ടിച്ചേര്‍ത്തു.
കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഏറെ കാലമായി കളിക്കളത്തിന് പുറത്താണ്. 2023 ഏകദിന ലോകകപ്പില്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്തതിന് ശേഷം ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഐപിഎല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു. ഇതിനിടെ വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിച്ചിരുന്നു. പിന്നാലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമിക്ക് ഇടം ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഷമി ഇത് നിഷേധിച്ചിരുന്നു.
നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ ഷമിക്ക് വീണ്ടും പരിക്കേറ്റെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയും ഷമിക്ക് നഷ്ടമാവുമെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് ഷമി വീണ്ടും രംഗത്തെത്തിയിരുന്നു.
Content Highlights: Mohammed Shami gives massive update on his presence for India vs Australia 2024 Test Series