ആത്‌മനിർവൃതിയുടെ ഒത്ത നടുവിൽ; രോഹിതിന്റെ ഐക്കോണിക്ക് വേൾഡ് കപ്പ് സെലിബ്രേഷൻ അനുകരിച്ച് ന്യൂസിലാൻഡ് വനിതകൾ

രോഹിതിന്റെ പഴയ ഫോട്ടോയും ന്യൂസിലാൻഡ് താരങ്ങളുടെ ഫോട്ടോയും കൂട്ടി വെച്ച് ഐസിസി തന്നെ ആ വൈകാരിക നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

dot image

2024 ജൂണിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷമുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഐക്കോണിക്ക് സെലിബ്രേഷൻ ഓർമയുണ്ടോ? ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം തോൽവിയുടെ മുഖത്ത് നിന്നും തിരിച്ചു വന്ന് കിരീടം നേടുമ്പോൾ രോഹിത് പിച്ചിൽ സ്വയം മറന്ന് കണ്ണുകളടച്ച് കിടക്കുകയായിരുന്നു. വല്ലാത്ത ആനന്ദവും ആത്മ നിർവൃതിയുമായിരുന്നു രോഹിതിന്റെ മുഖത്തപ്പോൾ കണ്ടത്. തൊട്ടുമുമ്പുള്ള വർഷം ഏകദിന ലോകകപ്പ് കിരീടം അവസാന നിമിഷം ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുമായി ഗ്രൗണ്ട് വിട്ട രോഹിതിന് അതൊരു സ്വപ്‍നത്തിന്റെ വീണ്ടെടുക്കൽ കൂടിയായിരുന്നു ടി20 കിരീടലബ്ധി. രോഹിതിന്റെ ഈ സെലിബ്രേഷനെ ആ വൈകാരികതയിൽ തൊട്ട് തന്നെ ക്രിക്കറ്റ് ലോകവും ആഘോഷിച്ചു.

ഇപ്പോഴിതാ അങ്ങനെയൊരു മനോഹര മുഹൂർത്തം വനിതകളുടെ ടി 20 ലോകകപ്പ് ഫൈനലിലും സംഭവിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയെ 32 റൺസിന് കീഴടക്കി ന്യൂസിലാൻഡ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടിയതിന് ശേഷമായിരുന്നു അത്. കിരീടം ഏറ്റുവാങ്ങിയ ശേഷം സോഫി ഡിവൈനും സൂസി ബേറ്റ്സും ദുബായ് അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ണുകളടച്ച് മലർന്ന് കിടന്നു. രോഹിത് അനുഭവിച്ച പോലൊരു അനുഭൂതിയും ആത്മ നിർവൃതിയും ഇരുവരും അനുഭവിച്ചു തീർത്തു.

ക്രിക്കറ്റ് ലോകം ഈ കാഴ്ച്ചയ്ക്കും ഒരുമിച്ച് കയ്യടിച്ചു. രോഹിതിന്റെ പഴയ ഫോട്ടോയും ഇന്നലെത്തെ ന്യൂസിലാൻഡ് താരങ്ങളുടെ ഫോട്ടോയും കൂട്ടി വെച്ച് ഐസിസി തന്നെ ആ വൈകാരിക നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: New zealnd players imitate Rohit sharma iconic world cup victory Celebration after t20 women worldcup win

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us