ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം വീണത് 16 വിക്കറ്റുകൾ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 106 റൺസിൽ എല്ലാവരും പുറത്തായി. പിന്നാലെ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ്. 34 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ ഇതുവരെ നേടിയത്.
നേരത്തെ മഹ്മൂദുൽ ഹസൻ ജോയ് നടത്തിയ ചെറുത്ത് നിൽപ്പാണ് ബംഗ്ലാദേശ് സ്കോർ 100 കടത്തിയത്. 97 പന്തിൽ രണ്ട് ഫോറും ഒരു സിക്സും ഉൾപ്പടെ മഹ്മൂദുൽ 30 റൺസെടുത്തു. നാല് താരങ്ങൾക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടക്കാനായത്. മുഷ്ഫീഖർ റഹീം 11 റൺസ്, മെഹിദി ഹസ്സൻ മിറാസ് 13 റൺസ്, തൈജൂൾ ഇസ്ലാം 16 റൺസ് എന്നിങ്ങനെയും സ്കോർ ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ, വയാൻ മൾഡർ, കേശവ് മഹാരാജ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളെടുത്തു. ആദ്യ ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയും കടുത്ത ബാറ്റിങ് തകർച്ചയാണ് നേരിടുന്നത്. ടോണി ഡി സോർസി 30 റൺസ്, ട്രിസ്റ്റൺ സ്റ്റബ്സ് 23 റൺസ്, റയാൻ റിക്ലത്തോൺ 27 റൺസ് എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ പ്രധാന സ്കോറുകൾ. ബംഗ്ലാദേശിനായി തൈജുൾ ഇസ്ലാം അഞ്ച് വിക്കറ്റ് വീഴ്ത്തി.
Content Highlights: Wickets rain witnessed in SA-Ban first test day 1