2024 വനിതാ ടി20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു ന്യൂസിലാന്‍ഡ് വനിതകള്‍ കിരീടമുയര്‍ത്തിയത്. ന്യൂസിലാന്‍ഡിന്റെ മണ്ണിലെത്തുന്ന ആദ്യ ലോകകപ്പാണ് വനിതകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡിന് ലഭിച്ച വലിയ സമ്മാനത്തുകയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
കിരീടജേതാക്കളായ കിവികള്‍ക്ക് 2.24 ദശലക്ഷം യുഎസ് ഡോളറാണ് (19.6 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചത്. കഴിഞ്ഞ തവണത്തെ സമ്മാനത്തുകയേക്കാള്‍ 134 ശതമാനം കൂടുതലാണ് ഇത്തവണത്തേത്. കഴിഞ്ഞ ലോകകപ്പ് വിജയികള്‍ക്ക് 9.8 കോടി രൂപ സമ്മാനത്തുകയായിരുന്നു ഐസിസി നല്‍കിയത്.
റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് 1.17 മില്ല്യണ്‍ യുഎസ് ഡോളറാണ് (9.8 കോടി രൂപ) സമ്മാനത്തുക. ഫൈനലിസ്റ്റുകള്‍ക്ക് പുറമെ സെമി ഫൈനലിസ്റ്റുകള്‍ക്കും ഗ്രൂപ്പ് ഘട്ടങ്ങളില്‍ പുറത്തായ ടീമുകള്‍ക്കും സമ്മാനത്തുക ലഭിക്കും. ഇന്ത്യയ്ക്കും ഇതനുസരിച്ച് വലിയ സമ്മാനത്തുക ലഭിക്കും. സെമി ഫൈനലിസ്റ്റുകളായ ഓസ്ട്രേലിയയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും 675,000 ഡോളര്‍ (5.7 കോടി രൂപ) വീതം ലഭിച്ചു. അഞ്ച് മുതല്‍ എട്ട് വരെ റാങ്കുകളുള്ള ടീമുകള്‍ക്ക് 2.25 കോടി രൂപ വീതം സമ്മാനമായി നല്‍കും.
അതേസമയം ഗ്രൂപ്പ് ഘട്ടങ്ങളിലെ മികച്ച ടീമുകളുടെ റാങ്കിങ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നാല് മത്സരങ്ങളില്‍ രണ്ട് വിജയങ്ങളുള്ള ഇന്ത്യ ആറാം സ്ഥാനത്തു തന്നെ ഉണ്ടായിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 2.25 കോടി രൂപയായിരിക്കും ഇന്ത്യന്‍ ടീമിന് ലഭിക്കുക.
Content Highlights: Women's T20 WC 2024: The prize money for winners & runners-up