ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ബംഗ്ലാദേശ് താരം ഹസൻ മഹമുദിന്റെ ഡയറക്ട് ത്രോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിന്റെ 69-ാം ഓവറിലാണ് സംഭവം. ഡെയ്ന്‍ പിഡ്റ്റ് ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്. മഹമൂദ് എറിഞ്ഞ പന്ത് ഫുൾഡോസായി. ഡെയ്ൻ പിഡ്റ്റ് പന്ത് നേരെ തട്ടിയിടാൻ ശ്രമിച്ചു. ബംഗ്ലാദേശ് ബൗളർ ഹസൻ മഹമുദിന്റെ കൈയ്യിൽ തട്ടി പന്ത് നോൺസ്ട്രൈക്കിങ് എൻഡിലെ സ്റ്റമ്പിൽ കയറി. മറുവശത്തുണ്ടായിരുന്ന കൈൽ വെരെയ്നെ ബാറ്റ് ക്രീസീൽ കുത്തി നിൽക്കുകയായിരുന്നു. എന്നാൽ ഡെയ്ൻ പിഡ്റ്റ് റൺസിനായി ഓടി. പകുതി ദൂരം പിന്നിട്ട ശേഷമാണ് താരം തിരിഞ്ഞ് ഓടിയത്. ഈ സമയത്ത് ഹസൻ മഹമുദ് സ്റ്റമ്പ് ലക്ഷ്യമാക്കി പന്തെറിഞ്ഞു. എന്നാൽ തിരിഞ്ഞോടിക്കൊണ്ടിരുന്ന ഡെയ്ൻ പിഡ്റ്റിന്റെ തുടയിലേക്കാണ് പന്ത് പോയി കൊണ്ടത്. വളരെ അടുത്ത് നിന്നും സ്റ്റമ്പ് ലക്ഷ്യം വെയ്ക്കാൻ കഴിയാത്ത ബംഗ്ലാദേശ് താരത്തിന്റെ ഡയറക്ട് ത്രോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
Direct hit to the:
— FanCode (@FanCode) October 22, 2024
Stumps ❌
Batter ✅
A comedy of errors during #BANvSAonFanCode 😅 pic.twitter.com/yiuIaalQa1
അതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് ഇനി 101 റൺസ് കൂടി വേണം.
നേരത്തെ രണ്ടാം ദിവസം രാവിലെ ആറിന് 140 എന്ന സ്കോറിൽ നിന്നാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. കൈൽ വെരെയ്നെയുടെ സെഞ്ച്വറി നേട്ടത്തിൽ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്കെത്തി. 114 റൺസെടുത്ത വെരെയ്നെ 10-ാമാനായാണ് പുറത്തായത്. വിയാൻ മൾഡർ 52 റൺസുമായി വെരെയ്നെയ്ക്ക് ശക്തമായ പിന്തുണ നൽകി. ഇരുവരും ചേർന്ന ഏഴാം വിക്കറ്റിൽ 119 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരുടെയും മികവിൽ രണ്ടാം ഇന്നിംഗ്സിൽ 308 എന്ന സ്കോറിലേക്കെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. 202 റൺസിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക നേടിയത്.
രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന് മഹ്മുദൂൽ ഹസ്സൻ ജോയ് പുറത്താകാതെ 38, നജ്മുൾ ഹൊസൈൻ ഷാന്റോ 23, മുഷ്ഫീഖർ റഹീം പുറത്താകാതെ 31 എന്നിങ്ങനെ സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ 106 റൺസ് മാത്രമാണ് ബംഗ്ലാദേശിന് സ്കോർ ചെയ്യാൻ കഴിഞ്ഞത്.
Content Highlights: Bangladesh fielder's weird direct throw in first test against SA