അമിത ഭാരവും അച്ചടക്കമില്ലായ്മയും; പൃഥ്വി ഷായെ മുംബൈ ടീമില്‍ നിന്നും ഒഴിവാക്കി

പുറത്താക്കിയതിന് പിന്നിലെ കൃത്യമായ കാരണം ടീം മാനേജ്‌മെന്‍റ് ഔദ്യോ​ഗികമായി വ്യക്തമാക്കിയിട്ടില്ല

dot image

രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്ന് യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഒഴിവാക്കി. അമിത ഭാരവും, അച്ചടക്കമില്ലായ്മയുമാണ് 24കാരനായ താരത്തിന് ടീമിന് പുറത്തേക്കുള്ള വഴിയൊരുക്കിയതെന്നാണ് പിടിഐയുടെ റിപ്പോർട്ട്. പുറത്താക്കിയതിന് പിന്നിലെ കൃത്യമായ കാരണം ടീം മാനേജ്‌മെന്‍റ് ഔദ്യോ​ഗികമായി വ്യക്തമാക്കിയിട്ടില്ല. 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഖില്‍ ഹെര്‍വാഡ്കറാണ് താരത്തിന്‍റെ പകരക്കാരനാവുന്നത്.

സഞ്ജയ് പാട്ടീൽ, രവി താക്കർ, ജിതേന്ദ്ര താക്കറെ, കിരൺ പൊവാർ, വിക്രാന്ത് യെലിഗെറ്റി എന്നിവരടങ്ങുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സെലക്ഷൻ കമ്മിറ്റിയാണ് വരാനിരിക്കുന്ന മത്സരത്തിൽ നിന്നും താരത്തെ ഒഴിവാക്കിയത്. ഫിറ്റ്‌നസിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ പ‍ൃഥ്വി ഷാ പുലർത്തുന്ന മനോഭാവത്തിൽ സെലക്ടർമാർ തൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ. ടീമിൻ്റെ പരിശീലന സെഷനുകളിൽ താരം പങ്കെടുക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

'പൃഥ്വി ഷായുടെ ഫിറ്റ്‌നസും കളിക്കളത്തില്‍ അദ്ദേഹത്തിന്റെ പ്രകടനവും നിങ്ങള്‍ നോക്കണം. മുംബൈ ക്രിക്കറ്റ് അസോസിയേഷന് വളരെ സമ്പന്നമായ ചരിത്രമാണുള്ളത്. അതില്‍ നിന്നും ഒരു കളിക്കാരന് മാത്രം പ്രത്യേക പരിഗണന നല്‍കാനാവില്ല,' മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച മുംബൈ ടീമില്‍ പൃഥ്വി കളിച്ചിരുന്നു. ആദ്യ മത്സരത്തിന്റെ രണ്ടിന്നിങ്‌സിലും മഹാരാഷ്ട്രക്കെതിരായ രണ്ടാം മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിലും ഓപണറായി ഇറങ്ങിയ താരത്തിന് ഭേദപ്പെട്ട പ്രകടനം പോലും പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ബറോഡയ്ക്കെതിരായ മത്സരത്തില്‍ 7‌, 12 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.

മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്ണെടുത്ത് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി 36 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. തിരിച്ചുവരവിന്റെ സൂചനകൾ നൽകിയതിന് പിന്നാലെയാണ് താരത്തിനെതിരെ നടപടി ഈ നടപടിയുണ്ടായിരിക്കുന്നത്.

അതേസമയം രഞ്ജിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് സീസണില്‍ മികച്ച മുന്നേറ്റമാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ നടത്തുന്നത്. ത്രിപുരയാണ് മൂന്നാം പോരാട്ടത്തിൽ‌ മുംബൈയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ പൃഥ്വി കളിക്കില്ല.

Content Highlights: Prithvi Shaw dropped from Ranji Trophy 2024 due to fitness, disciplinary issues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us