2022 ഡിസംബറിലുണ്ടായ വാഹനാപകടം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഗുണം ചെയ്തുവെന്ന് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. പരിക്ക് കാരണം പന്തിന്റെ പുതിയ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം. ക്രിക്കറ്റിനോടും ജീവിതത്തോടുമുള്ള പന്തിന്റെ സമീപനം പുനഃക്രമീകരിക്കുന്നതില്‍ പരിക്കും തുടര്‍ന്നുണ്ടായ വിശ്രമവും വലിയ പങ്കുവഹിച്ചെന്നാണ് പ്രസാദ് വിശ്വസിക്കുന്നത്.
'പരിക്കിന് ശേഷം റിഷഭ് പന്ത് കൂടുതല്‍ ഉത്തരവാദിത്തമുള്ളവനായി കാണപ്പെടുന്നുണ്ട്. ഇരുന്ന് ആത്മപരിശോധന നടത്താന്‍ അദ്ദേഹത്തിന് ഒരു വര്‍ഷമാണ് ലഭിച്ചത്. ദൈവം അവന് ഒരു രണ്ടാം ജന്മം നല്‍കി. അവന്‍ അത് തിരിച്ചറിയുകയും ചെയ്തു. ഇപ്പോള്‍ ആ തിരിച്ചറിവ് അവന്റെ കളിയിലും ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. അവന്‍ സര്‍ഫറാസുമായി സംസാരിക്കുന്ന രീതിയിലും ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കാന്‍ സര്‍ഫറാസിനെ പ്രോത്സാഹിപ്പിക്കുന്നതിലുമെല്ലാം അത് പ്രകടമാകുന്നു', ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസാദ് പറഞ്ഞു.
പന്തിന്റെ ജീവിതത്തിലെ വഴിത്തിരിവെന്നാണ് കാര്‍ അപകടത്തെ പ്രസാദ് വിശേഷിപ്പിച്ചത്. 'സര്‍ഫറാസിനൊപ്പം പന്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തും കൃത്യമായ ഉപദേശങ്ങള്‍ നല്‍കിയും ബെംഗളൂരു ടെസ്റ്റില്‍ അവനെ നയിച്ചു. പരിക്കിന് ശേഷമുള്ള വിശ്രമകാലഘട്ടം പന്തിനെ ഒരുപാട് പഠിപ്പിച്ചു. ഒരാളുടെ കരിയറിലെ ചില ഘട്ടങ്ങളില്‍ എപ്പോഴും ഒരു വഴിത്തിരിവുണ്ടാകും. ആ പരിക്ക് ദോഷത്തേക്കാള്‍ കൂടുതല്‍ ഗുണമാണ് പന്തിന് ചെയ്തത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Rishabh Pant's injury has done more good than harm to him says MSK Prasad