ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കി ബംഗ്ലാദേശ്. മൂന്നാം ദിവസം മഴമൂലം മത്സരം നിർത്തിവയ്ക്കുമ്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 267 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശിന് ഇതുവരെ 65 റൺസിന്റെ ലീഡുണ്ട്. 77 റൺസുമായി ക്രീസിൽ തുടരുന്ന മെഹിദി ഹസ്സൻ മിറാസിലാണ് ബംഗ്ലാദേശിന്റെ അവശേഷിച്ച പ്രതീക്ഷകളുടെ ഭാരം മുഴുവനും.
നേരത്തെ മൂന്നിന് 101 എന്ന സ്കോറിൽ നിന്നാണ് മൂന്നാം ദിവസം രാവിലെ ബംഗ്ലാദേശ് ബാറ്റിങ് ആരംഭിച്ചത്. അധികം വൈകാതെ തന്നെ ആറിന് 112 എന്ന നിലയിൽ ബംഗ്ലാദേശ് തകർന്നു. ഏഴാം വിക്കറ്റിൽ മെഹിദി ഹസ്സനും ജാക്കർ അലിയും ഒത്തുചേർന്നതോടെയാണ് ബംഗ്ലാദേശ് സ്കോർ മുന്നോട്ട് ചലിച്ചത്. ഇരുവരും ചേർന്ന ഏഴാം വിക്കറ്റിൽ 138 റൺസ് കൂട്ടിച്ചേർത്തു.
ജാക്കർ അലി 58 റൺസുമായി പുറത്തായി. നയീം ഹസൻ 12 റൺസുമായി മെഹിദി ഹസന് കൂട്ടായി ക്രീസിലുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 106 റൺസെടുത്തു. പിന്നാലെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 308 റൺസ് നേടി.
Content Highlights: Bangladesh avoided innings defeat still fighting against SA in first test