ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമിക്ക് പകരക്കാരനെ നിര്‍ദേശിച്ച് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. ഓസ്‌ട്രേലിയയ്‌ക്കെതിരെ നവംബര്‍ 22 മുതല്‍ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി തിരിച്ചെത്തുമോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ഷമി. അനുഭവസമ്പന്നനായ ഷമിക്ക് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്താനായില്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.
വിശ്രമത്തിലുള്ള ഷമി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടീമില്‍ തിരിച്ചെത്തുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ ഷമിക്ക് ഓസീസ് പരമ്പര നഷ്ടമായാല്‍ പകരം ആരെന്നത് ഇന്ത്യക്ക് മുന്നിലുള്ള വലിയ ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ഷമിക്ക് പകരം ഇന്ത്യ യുവപേസര്‍ മായങ്ക് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാവണമെന്ന് ഓസീസ് മുന്‍ താരം ബ്രെറ്റ് ലീ നിര്‍ദേശിച്ചത്.
മായങ്കിനെ കംപ്ലീറ്റ് പാക്കേജെന്ന് വിശേഷിപ്പിച്ച ബ്രെറ്റ് ലീ ഓസ്‌ട്രേലിയന്‍ പിച്ചില്‍ താരത്തെ ഇറക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. 'ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ മായങ്ക് യാദവിനെ കളിപ്പിക്കാന്‍ ഇന്ത്യ തയ്യാറാവണം. ഒരു താരത്തിന്റെ അനുഭവസമ്പത്ത് എത്രത്തോളമുണ്ടെന്ന് നോക്കാതെ പ്രതിഭ നോക്കി അവസരം നല്‍കുന്ന ടീമാണ് ഇന്ത്യയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മായങ്ക് യാദവ് കളിക്കാന്‍ തയ്യാറാണെങ്കില്‍ അവനെ ഓസീസിനെതിരെ കളിപ്പിക്കണം', ബ്രെറ്റ് ലീ പറഞ്ഞു.
Brett Lee said, "Mayank Yadav looks like a complete package. If Shami is not ready, get Mayank in the squad. He would do pretty well on Australian pitches". (FOX Cricket). pic.twitter.com/zAKQZj052p
— Mufaddal Vohra (@mufaddal_vohra) October 23, 2024
'150ന് മുകളില്‍ തുടര്‍ച്ചയായി വേഗത്തിലെറിയാന്‍ കഴിവുള്ള ബൗളറെ നേരിടാന്‍ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കില്ല. ഒരു കംപ്ലീറ്റ് പാക്കേജാണ് മായങ്ക്. മുഹമ്മദ് ഷമി തയ്യാറല്ലാത്ത സാഹചര്യത്തില്‍ തീര്‍ച്ചയായും ഇന്ത്യ മായങ്കിനെ കളിപ്പിക്കണം. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ അവന് തിളങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പാണ്', ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.
Content Highlighs: Brett Lee backs Mayank Yadav's selection for Australia tour in Shami's absence