ന്യൂസിലാൻഡിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലപാടുകൾ വ്യക്തമാക്കി പരിശീലകൻ ഗൗതം ഗംഭീർ. മത്സരത്തിന് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംഭീർ ഇന്ത്യൻ ടീമിന്റെ പദ്ധതികൾ തുറന്നുപറഞ്ഞത്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ സ്പിന്നർ വാഷിങ്ടൺ സുന്ദറിനെ കൂടി ഉൾപ്പെടുത്തിയിരുന്നു. ന്യൂസിലാൻഡിന് ഒരുപാട് ഇടം കയ്യൻ ബാറ്റർമാർ ഉണ്ടെന്നും ഇതിനെതിരെയുള്ള ആയുധമാണ് സുന്ദറെന്നും ഗംഭീർ പറഞ്ഞു. എന്നാൽ പ്ലെയിങ് ഇലവനിൽ താരത്തെ ഉൾപ്പെടുത്തുന്നതിൽ തീരുമാനം ആയിട്ടില്ലെന്നും ഗംഭീർ വ്യക്തമാക്കുന്നു.
വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ ടീമിലുണ്ടാകും. ഗില്ലിന്റെ പരിക്ക് മാറിയിട്ടുണ്ട്. എന്നാൽ താരം ടീമിലുണ്ടാകുമോയെന്ന് നാളെ മാത്രമെ നിശ്ചയിക്കൂ. കെ എൽ രാഹുലിനെതിരെ ഉയരുന്ന വിമർശനങ്ങളിലും ഇന്ത്യൻ പരിശീലകൻ മറുപടി പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ വിമർശകരല്ല ഇന്ത്യൻ ടീമിനെ നിശ്ചയിക്കുന്നത്. കാൺപൂരിൽ ബംഗ്ലാദേശിനെതിരെ മികച്ച ഇന്നിംഗ്സാണ് രാഹുൽ കളിച്ചത്. തീർച്ചയായും ഇന്ത്യൻ ടീം രാഹുലിനെ പിന്തുണയ്ക്കുമെന്നും ഗംഭീർ പറയുന്നു.
ഒരു ടെസ്റ്റ് മത്സരത്തിൽ ടീമിനെ തിരഞ്ഞെടുക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മത്സരം വിജയിക്കാനുള്ള ശക്തമായ ടീമിനെയാണ് തിരഞ്ഞെടുക്കേണ്ടത്. ടെസ്റ്റ് മത്സരങ്ങൾ സമനില ആകാൻ ആഗ്രഹിക്കുന്നില്ലെന്നാണ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സമീപനം എന്താണെന്നുള്ള ചോദ്യത്തിന്റെ പ്രതികരണം. മുമ്പ് മത്സരങ്ങളിൽ സമനിലകൾ ഉണ്ടായിട്ടുണ്ട്. അത് വളരെ മടുപ്പ് ഉളവാക്കുന്നതാണെന്നും ഗംഭീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Content Highlights: Indian Cricket Team head coach Gautam Gambhir clears his vision on team