സഞ്ജുവിനൊപ്പം രണ്ട് താരങ്ങളെ റോയൽസ് നിലനിര്‍ത്തും, ചഹലിനായി ആര്‍ടിഎം; ദ്രാവിഡിൻ്റെ പദ്ധതി ഇങ്ങനെ

ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്നും റൈറ്റ് ടു മാച്ച് ആര്‍ക്കെല്ലാം ഉപയോഗിക്കണമെന്നുമുള്ള കാര്യങ്ങളില്‍ അന്തിമഘട്ട ചര്‍ച്ചകളിലാണ് ഇപ്പോള്‍ എല്ലാ ഫ്രാഞ്ചൈസികളും

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത സീസണിന് വേണ്ടി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്നും റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ആര്‍ക്കെല്ലാം ഉപയോഗിക്കണമെന്നുമുള്ള കാര്യങ്ങളില്‍ അന്തിമഘട്ട ചര്‍ച്ചകളിലാണ് ഇപ്പോള്‍ എല്ലാ ഫ്രാഞ്ചൈസികളും. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങള്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം മൂന്ന് താരങ്ങളെ നിലനിര്‍ത്താനാണ് റോയല്‍സിന്റെ നീക്കമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സഞ്ജു സാംസണ്‍, യുവ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരെ നിലനിര്‍ത്താനാണ് റോയല്‍സ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് വേണ്ടി റൈറ്റ് ടു മാച്ച് (ആര്‍ടിഎം) ഉപയോഗിക്കുമെന്നുമാണ് സൂചന.

അടുത്ത സീസണിലും റോയല്‍സിനെ നയിക്കാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശിനെതിരെ നടന്ന ടി20 മത്സരത്തില്‍ സെഞ്ച്വറി നേടിയതടക്കം മിന്നും ഫോമിലാണ് സഞ്ജു. ഐപിഎല്‍ 2025ലും റോയല്‍സിന് വേണ്ടി സഞ്ജു തകര്‍പ്പന്‍ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലനിര്‍ത്തല്‍ പട്ടികയിലെ അടുത്ത താരമാണ് 22 കാരനായ യശസ്വി ജയ്‌സ്വാള്‍. 2024 സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും 435 റണ്‍സ് നേടാന്‍ യുവ ഓപണറിന് സാധിച്ചിരുന്നു. അടുത്ത സീസണിലും ജയ്‌സ്വാളിന് സ്ഥിരത പുലര്‍ത്താന്‍ സാധിക്കുമെന്നാണ് റോയല്‍സ് കരുതുന്നത്.

റിയാന്‍ പരാഗാണ് നിലനിര്‍ത്താന്‍ സാധ്യതയുള്ള മൂന്നാം താരം. ഐപിഎല്‍ 2024ല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്ത പരാഗ് 15 മത്സരങ്ങളില്‍ നിന്ന് 573 റണ്‍സ് അടിച്ചെടുത്തു. റോയല്‍സിന് വേണ്ടി പലപ്പോഴും നിര്‍ണായക പ്രകടനം കാഴ്ചവെച്ച പരാഗിനെയും ദ്രാവിഡിന്റെ സ്‌ക്വാഡില്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോയല്‍സിന്റെ ചരിചയസമ്പന്നരായ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് വേണ്ടി ആര്‍ടിഎം സംവിധാനം ഉപയോഗിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ റോയല്‍സിന്റെ തട്ടകത്തിലെത്തിയതുമുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് ചഹല്‍. ഐപിഎല്‍ 2024ല്‍ മാത്രം 18 വിക്കറ്റുകളാണ് ചഹല്‍ പിഴുതത്.

അതേസമയം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ രാജസ്ഥാന്‍ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ രാജസ്ഥാന്‍ വ്യക്തത വരുത്തിയിട്ടില്ല. നിലനിര്‍ത്തിയില്ലെങ്കില്‍ ലേലത്തില്‍ കോടികള്‍ മുടക്കി ബട്‌ലറെ തിരിച്ചുപിടിക്കാന്‍ രാജസ്ഥാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്.

Content Highlights: IPL 2025: Rajasthan Royals set to retain Samson, Yashasvi, use RTM for Chahal, Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us