ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് നിരയിൽ കെ എൽ രാഹുൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. നിക്കോളാസ് പൂരാൻ, രവി ബിഷ്ണോയ്, മായങ്ക് യാദവ് എന്നിവരെ ടീമിൽ നിലനിർത്താനാണ് ലഖ്നൗ മാനേജ്മെന്റിന്റെ തീരുമാനം. ആയൂഷ് ബദോനിയെയോ മോഷിൻ ഖാനെയോ അൺക്യാപ്ഡ് താരമായും ടീമിൽ നിലനിർത്തിയേക്കും.
കെ എൽ രാഹുലിന്റെ ബാറ്റിങ് കണക്കുകളിൽ ലഖ്നൗ മാനേജ്മെന്റ് അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. രാഹുൽ വലിയ ഇന്നിംഗ്സ് കളിച്ച മത്സരങ്ങളിലെല്ലാം ടീം പരാജയപ്പെട്ടതായി ജസ്റ്റിൻ ലാംഗറും സഹീർ ഖാനും ഉൾപ്പെടുന്ന ലഖ്നൗ ടീം വിലയിരുത്തുന്നു. ഇംപാക്ട് പ്ലെയർ ഉൾപ്പടെ ഉള്ളതിനാൽ മുൻനിരയിൽ റൺസ് കണ്ടെത്താൻ ഇത്രയധികം സമയമെടുക്കുന്ന ഒരു താരത്തെ ടീമിൽ നിലനിർത്താൻ കഴിയില്ലെന്നാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഐപിഎല്ലിൽ 2022ലാണ് ലഖ്നൗ അരങ്ങേറ്റം കുറിച്ചത്. മൂന്ന് സീസണിലും കെ എൽ രാഹുലായിരുന്നു ലഖ്നൗവിനെ നയിച്ചത്. ആദ്യ രണ്ട് സീസണുകളിൽ ലഖ്നൗ പ്ലേ ഓഫിലെത്തി. ബാറ്റിങ്ങിൽ മികച്ച റെക്കോർഡുകളുള്ള രാഹുലിന് പക്ഷേ സ്ട്രൈക്ക് റേറ്റാണ് തിരിച്ചടിയാകുന്നത്. ലഖ്നൗവിനായി 38 മത്സരങ്ങൾ കളിച്ച രാഹുൽ 1,410 റൺസെടുത്തിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 10 അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ രാഹുലിൻ്റെ സ്ട്രൈക്ക് റേറ്റ് 130.67 മാത്രമാണ്.
Content Highlights: LSG set to release KL Rahul ahead of megaauction 2025