ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഗുജറാത്ത് ടൈറ്റൻസ് മെന്ററായി ഇന്ത്യൻ മുൻ താരം പാർത്ഥിവ് പട്ടേൽ എത്തുമെന്ന് റിപ്പോർട്ട്. നിലവിൽ മെന്റർ സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ മുൻ താരം ഗാരി കിർസ്റ്റൺ സ്ഥാനം ഒഴിയും. പാകിസ്താൻ ക്രിക്കറ്റ് ഏകദിന, ട്വന്റി 20 ടീമുകളുടെ പരിശീലകനായതോടെയാണ് കിർസ്റ്റൺ ഗുജറാത്ത് ടൈറ്റൻസ് വിടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആറ് വ്യത്യസ്ത ടീമുകൾക്കൊപ്പം കളിച്ച പാർത്ഥിവ് മൂന്ന് തവണ ഐപിഎൽ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു. 2010ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും 2015ലും 2017ലും മുംബൈ ഇന്ത്യൻസിനൊപ്പവുമാണ് പാർത്ഥിവിന്റെ കിരീടനേട്ടങ്ങൾ. ഡെക്കാൻ ചാർജ്ജേഴ്സ് ഹൈദരാബാദ്, കൊച്ചിൻ ടസ്കേഴ്സ് കേരള, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളിലും ഈ മുൻ വിക്കറ്റ് കീപ്പർ താരം കളിച്ചിട്ടുണ്ട്. 2016-17 സീസണിൽ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ ഗുജറാത്ത് കിരീടം നേടിയത് പാർത്ഥിവിന്റെ നായകമിവിലാണ്.
ഗുജറാത്ത് ടൈറ്റൻസ് മുഖ്യപരിശീലകനായി ആശിഷ് നെഹ്റയും ഡയറക്ടർ ഓഫ് ക്രിക്കറ്ററായി വിക്രം സൊളാങ്കിയും തുടരുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2022ലാണ് ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിലേക്ക് കടന്നുവന്നത്. ആദ്യ സീസണിൽ തന്നെ ഹാർദിക് പാണ്ഡ്യ നയിച്ച സംഘം ഐപിഎൽ കിരീടം സ്വന്തമാക്കി. 2023ലെ ഐപിഎല്ലിൽ ഫൈനൽ കളിക്കാനും ഗുജറാത്ത് ടൈറ്റൻസിന് കഴിഞ്ഞു.
2024ലെ ഐപിഎല്ലിൽ ഗുജറാത്തിന് തിളങ്ങാൻ കഴിഞ്ഞില്ല. അഞ്ച് ജയങ്ങളും ഏഴ് തോൽവിയുമായി പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത്. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതോടെ ശുഭ്മൻ ഗില്ലായിരുന്നു കഴിഞ്ഞ സീസണിൽ ഗുജറാത്തിനെ നയിച്ചത്.
Content Highlights: Parthiv Patel set to join Gujarat Titans as batting mentor